|
എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്നേഷ്യസ് വര്‍ഗീസ് യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്.
മലയാളികള്‍ അധികമില്ലാത്ത ഇവിടെ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്നേഷ്യസ് വര്‍ഗീസിനെ എതിരില്ലാതെ വിജയിക്കാന്‍ സഹായിക്കുന്നുണ്ട്. യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവര്‍ത്തനങ്ങളിലും ഇഗ്നേഷ്യസ് വര്‍ഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ റോയല്‍ മെയിലിലെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ലേബര്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് വഴി തുറന്നത്. എന്‍എച്ച്എസില്‍ സ്‌പെഷലിസ്റ്റ് നഴ്‌സായി ജോലി ചെയ്യുന്ന ഷിജി ഇഗ്നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കള്‍. 15 കൗണ്‍സിലര്‍മാര്‍ ഉള്ള കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബര്‍ പാര്‍ട്ടി 8, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില. |