ലണ്ടന്‍: ഇന്ത്യ- യുകെ വ്യാപാര കരാറിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. മൂന്നു വര്‍ഷം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ സാമ്പത്തിക- നയതന്ത്ര പ്രാധാന്യമുള്ള വ്യാപാര കരാറിന് ധാരണയായത്. യുകെ ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍സും ഇന്ത്യന്‍ കൊമേഴ്‌സ് മിനിസ്റ്റര്‍ പീയുഷ് ഗോയലും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നല്‍കിയത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്ന് പരസ്പരം ഫോണില്‍ സംസാരിച്ച് പുതിയ വ്യാപര ഉടമ്പടിയുടെ സന്തോഷം പങ്കുവച്ചു. വ്യാപാര ഉടമ്പടി ഒരു തരത്തിലും ഇരു രാജ്യങ്ങളുടെയും എമിഗ്രേഷന്‍ പോളിസിയെ ബാധിക്കില്ല. യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഒരു തരത്തിലും വ്യാപാര ഉടമ്പടിക്ക് തടസമാകില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. കരാര്‍ ബ്രിട്ടനിലെ ബിസിനസ് മേഖലയ്ക്ക് ആകെയും കണ്‍സ്യൂമേഴ്‌സിന് പ്രത്യേകിച്ചും വലിയ നേട്ടമായി മാറുമെന്ന് ട്രേഡ് സെക്രട്ടറി വിശദീകരിച്ചു.
കരാറിന്റെ ഭാഗമായുള്ള നികുതി ഇളവ് കൂടുതല്‍ ബ്രിട്ടിഷ് നിര്‍മിത കാറുകളും മറ്റു വാഹനങ്ങളും ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ സഹായിക്കും. സ്‌കോച്ച് വിസ്‌കികള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് നിര്‍മിത മദ്യവും ഇന്ത്യയില്‍ ഇനി യഥേഷ്ടം ലഭ്യമാകും. സമാനമായ രീതിയില്‍ നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുകെയിലും നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ലഭിക്കുന്ന നികുതിയിളവ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രവിഭവങ്ങള്‍ എന്നിവയ്ക്കും നികുതി ഇളവുണ്ടാകും. ബ്രിട്ടനില്‍നിന്നുള്ള വിസ്‌കി, ജിന്‍ എന്നിവയ്ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ 75 ശതമാനമായി കുറയും. ബ്രിട്ടിഷ് കാറുകള്‍, ഏയ്‌റോസ്‌പേസ് ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ താരിഫും കുറയും.
2020ല്‍ ബ്രക്‌സിറ്റ് ഉടമ്പടി നടപ്പാക്കിയശേഷം ബ്രിട്ടിഷ് സര്‍ക്കാര്‍ ഏതെങ്കിലും ഒരു രാജ്യവുമായി ഏര്‍പ്പെടുന്ന ഏറ്റവും വലിയ വ്യാപാര കരാറാണ് ഇന്ത്യയുമായുള്ളത്. 41 ബില്യന്‍ പൗണ്ടിന്റെ വ്യാപാര ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നടന്നത്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ മറ്റൊരു 25 ബില്യന്‍ പൗണ്ടിന്റെ വ്യാപാരവും ഓരോവര്‍ഷവം അധികമായി നടക്കുമെന്നാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. ബ്രിട്ടിഷ് ജനതയ്ക്കും ബ്രിട്ടനിലെ ബിസിനസുകള്‍ക്കും ഗുണകരമാകുന്ന ചരിത്രപരമായ കരാറായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍ പറയുന്നത്.