മുംബൈ: യുകെ ട്രാവല്‍ വ്‌ലോഗറുടെ പ്രശംസ നേടിയ വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയുടെ അനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ചാര്‍ലീ. @burnessietravels എന്ന ഹാന്‍ഡിലില്‍ ആണ് സെമി-ഹൈ-സ്പീഡ് ട്രെയിനിലെ തന്റെ 8 മണിക്കൂര്‍ യാത്രയെ കുറിച്ചുള്ള അനുഭവം ചാര്‍ലി പങ്കുവച്ചത്. 'ഇന്ത്യയിലെ ഏറ്റവും മികച്ച റെയില്‍ ഓപ്ഷനുകളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചായിരുന്നു ചാര്‍ലീയുടെ വ്‌ലോഗ്. വിശദമായ പോസ്റ്റില്‍, ട്രെയിനിന്റെ ശുചിത്വം, സൗകര്യങ്ങള്‍, ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ എന്നിവയും അവര്‍ എടുത്തുപറഞ്ഞു. യുകെക്കാരിയുടെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമുയരുകയാണ്.
'മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച റെയില്‍ ഓപ്ഷനുകളില്‍ ഒന്ന്!' മഡ്ഗാവിലേക്കുള്ള ഈ 8 മണിക്കൂര്‍ യാത്രയ്ക്കായി താന്‍ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റിനായി തിരയുകയായിരുന്നു, ഇന്ത്യന്‍ നിലവാരം അനുസരിച്ച് ഇതിന് 31.57 പൗണ്ട് വില കൂടുതലായിരുന്നു, പക്ഷേ ഞാന്‍ യാത്ര ചെയ്ത മറ്റ് ട്രെയിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം!' എന്നുമായിരുന്നു അവരുടെ വാക്കുകള്‍.
തന്റെ ടിക്കറ്റിനൊപ്പം ലഭിച്ച സൗകര്യങ്ങളും ചാര്‍ലീയെ പ്രത്യേകം ആകര്‍ഷിച്ചു. 'പ്രഭാതഭക്ഷണം, കാപ്പി, പത്രങ്ങള്‍, ഒരു റോസ് എന്നിവ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു ട്രെയിനില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതലാണിതെന്നും ഇതാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവര്‍ കുറിച്ചു. കാഴ്ചകള്‍ കാണാന്‍ സീറ്റുകള്‍ കറങ്ങാം, ഗ്രൂപ്പ് സീറ്റിംഗില്‍ ലോക്ക് ചെയ്യാം, ഇതെല്ലാം കഴിയുന്നുണ്ട്. മണ്‍സൂണ്‍ കാലത്താണ് കാഴ്ചകള്‍ ഏറ്റവും മികച്ചത്, പക്ഷേ ട്രെയിന്‍ 2 അല്ലെങ്കില്‍ 3 മണിക്കൂര്‍ കൂടുതല്‍ എടുക്കുമായിരിക്കും എന്നും അവര്‍ കുറിച്ചു. ഗോവ യാത്രയ്ക്കായി പ്രശസ്തമായ വിസ്റ്റാഡോം ട്രെയിനില്‍ സീറ്റ് ബുക്ക് ചെയ്യാമെന്ന് ചാര്‍ലീ ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, മുന്‍കൂട്ടി ശ്രമിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല. പക്ഷെ ഈ ട്രെയിന്‍ ഒരു വലിയ ആശ്വാസ സമ്മാനമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.