ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്തു കൗമാരക്കാരും കുട്ടികളുമായിരുന്നവരാണ് ഇപ്പോള്‍ ഇവിടെ ഹോമുകളില്‍ കഴിയുന്ന പലരും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ അക്കാലം ഇന്നെന്ന പോലെ ഓര്‍മിക്കുന്നവരാണ് കുറെ പേരെങ്കിലും. ലക്ഷക്കണക്കിനു പേരെ പട്ടിണിയിലാക്കിയ, പങ്കാളികളെയോ, മക്കളെയോ പിതാവിനെയോ നഷ്ടപ്പെടുത്തിയ യുദ്ധകാലത്തിന്റെ ഓര്‍മകളിലാണു പലരുടെയും ജീവിതം. ഒരോ യൂറോപ്യനും എത്ര മായിക്കാന്‍ ശ്രമിച്ചാലും മനസ്സില്‍ നീറുന്ന ഓര്‍മയായി നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ് ആ യുദ്ധ ദിനങ്ങള്‍ എന്നതാണു സത്യം.
ഒടുവില്‍ യുദ്ധം ജയിച്ചപ്പോള്‍ ഉയര്‍ന്ന ആഹ്‌ളാദത്തിന്റെ ആരവങ്ങള്‍ ഇപ്പോഴും മനസ്സില്‍ പേറുന്ന ഒരു തലമുറയുണ്ട് ഇവിടെ. ഇടയ്ക്കു തങ്ങളെ പരിചരിക്കുന്നവരോടു കഥകള്‍ വിശദീകരിക്കും. യുദ്ധകാലത്തെ വീരസ്യങ്ങള്‍ വിവരിക്കുന്ന പട്ടാളക്കാരുണ്ട്. അന്നു മരിച്ചു പോയ തന്റെ പങ്കാളിയെ ഇപ്പോഴും തിരയുന്നവരുണ്ടു ചില ഡിമന്‍ഷ്യ സെന്ററുകളില്‍. രാവിലെ കുളിച്ചൊരുങ്ങി സുന്ദരിയായി വീല്‍ച്ചെയറില്‍ തന്റെ ഭര്‍ത്താവു വരുന്നതു കാത്തിരിക്കുന്ന മുത്തശ്ശിമാര്‍ പലര്‍ക്കും സങ്കടക്കാഴ്ചയാണ്. 1945 മേയ് 8 വിഇ ഡേ(യൂറോപ്പിന്റെ വിജയ ദിനം) ജര്‍മനി ഉപാധികളില്ലാതെ യൂറോപ്യന്‍ സേനയ്ക്കു മുന്നില്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ച ദിവസം. 1939 സെപ്റ്റംബര്‍ ഒന്നിന് ഹിറ്റ്ലറിന്റെ നാസിപ്പട പോളണ്ടിനെ ആക്രമിക്കുന്നിടത്തു നിന്നാണു തുടക്കം. മൂന്നാം തീയതി ബ്രിട്ടനും ഫ്രാന്‍സും ജര്‍മിനിക്കെതിരെ കളത്തിലിറങ്ങിയതോടെ ലോകമഹായുദ്ധമായി മാറുകയായിരുന്നു. സോവിയറ്റ് യൂണിയനും ചൈനയും അമേരിക്കയും കൂടി അങ്കത്തിനിറങ്ങിയതോടെ കളിമാറി. എതിര്‍ഭാഗത്ത് ജര്‍മിനിക്കു പിന്തുണയുമായി ജപ്പാനും ഇറ്റലിയും അണിനിരന്നു. ഒരു ഘട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയെങ്കിലും ബ്രിട്ടന്‍ യുദ്ധത്തില്‍ കക്ഷിയായതാണ് ജര്‍മിനിക്കു തിരിച്ചടിയായത്.
ബ്രിട്ടന്റെ രാജ്യാന്തര സാങ്കേതിക മികവിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നു ഹിറ്റ്ലര്‍ തിരിച്ചറിഞ്ഞു. തോല്‍വി ഉറപ്പിച്ചതോടെ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍ ബെര്‍ലിന്‍ യുദ്ധത്തിനിടെ ഏപ്രില്‍ 30ന് ആത്മഹത്യ ചെയ്യുന്നു. തുടര്‍ന്ന് ജര്‍മന്‍ ഗ്രാന്‍ഡ് അഡ്മിറല്‍ കാള്‍ ഡോണിറ്റ്സ് നേതൃത്വമേറ്റെടുക്കുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫ്ളന്‍സ്ബര്‍ഗ് സര്‍ക്കാരാണ് ഔദ്യോഗികമായി കീഴടങ്ങള്‍ അംഗീകരിച്ചത്. ഇതിനിടെ തന്റെ സൈനിക മേധാവിയും പരാജയ ഭീതിയില്‍ ജീവത്യാഗം ചെയ്തിരുന്നു. 1945 മേയ് ഏഴിനു പുലര്‍ച്ചെ 2:41ന് ഫ്രാന്‍സിലെ റീംസില്‍ വച്ചു കീഴടങ്ങള്‍ ഒപ്പു വച്ചെങ്കിലും മേയ് എട്ട് രാത്രി 11:01നാണ് അന്തിമ ഉടമ്പടി ബെര്‍ലിനില്‍ ഒപ്പു വയ്ക്കുന്നത്. ഇതോടെ ജര്‍മന്‍ സൈനിക, നാവിക, വ്യോമ സേന സജീവ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. ജര്‍മനിയുടെ തോല്‍വിക്കു പിന്നാലെ യുകെ, യുഎസ്, സോവിയറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി. യുകെയില്‍ മാത്രം 10 ലക്ഷം പേരാണു തെരുവില്‍ അണിനിരന്നത്. ജോര്‍ജ് ആറാമന്‍ രാജാവ്, രാജ്ഞി എലിസബത്ത്, പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ എന്നിവര്‍ ജനത്തെ അഭിസംബോധന ചെയ്തു. ഭാവിയിലെ രാജ്ഞി പ്രിന്‍സസ് എലിസബത്ത്, പ്രിന്‍സസ് മാര്‍ഗ്രറ്റ് എന്നിവര്‍ ആള്‍ക്കൂട്ടത്തിനിടെ ഒളിഞ്ഞിരുന്ന് ആഘോഷങ്ങളുടെ ഭാഗമായി. അമേരിക്കയിലും ആഘോഷം തകര്‍ക്കുകയാണ്.
ന്മ അമേരിക്കയുടെ അറ്റകൈ പ്രയോഗം ഇതിനിടെയാണ് ചര്‍ച്ചിലും ട്രൂമാനും ഒരു കാര്യം പറയുന്നത്, ജര്‍മനിയുമായി നമ്മള്‍ ജയിച്ചെങ്കിലും ജപ്പാനുമായുള്ള യുദ്ധം തുടരുകയാണ്. ഇത് നമുക്കു ചെറിയൊരു ആഹ്‌ളാദക്കാലം മാത്രമാണ് എന്ന്. തുടര്‍ന്നാണ് അമേരിക്കയുടെ അറ്റകൈ പ്രയോഗം. ജപ്പാന്‍ കീഴടങ്ങള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചു യുദ്ധം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് ആറിനും ഒന്‍പതിനും ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവായുധം പ്രയോഗിച്ചു. ഓഗസ്റ്റ് ആറിന് ജപ്പാന്റെ പ്രധാന സൈനിക കേന്ദ്രമെന്നു കരുതിയിരുന്ന ഹിരോഷിമയില്‍ ലിറ്റില്‍ ബോയി ഉപയോഗിച്ചപ്പോള്‍ തല്‍ക്ഷണം മരിച്ചത് 80,000 പേരാണ്. നിരവധി ആളുകള്‍ പിന്നീടു കാന്‍സറും മറ്റു രോഗങ്ങളും വന്നു മരണത്തിനു കീഴടങ്ങി. ഓഗസ്റ്റ് 9ന് ഫാറ്റ്മാന്‍ നാഗസാക്കിയില്‍ പ്രയോഗിച്ചു. 75000 പേര്‍ തല്‍ക്ഷണം മരിച്ചു. കോകുറയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും അന്തിമ നിമിഷത്തില്‍ നാഗസാക്കിയെ ഭസ്മമാക്കുകയായിരുന്നു അമേരിക്ക. ഇതോടെ ഓഗസ്റ്റ് 15ന് ജപ്പാന്‍ റേഡിയോ സംപ്രേഷണത്തിലൂടെ ഔദ്യോഗിക കീഴടങ്ങള്‍ പ്രഖ്യാപിച്ചു. ഹിരോഷിമയും നാഗസാക്കിയും നല്‍കിയ പാഠമാണ് ആണവ നിരോധന പ്രസ്ഥാനങ്ങള്‍ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും വഴി വച്ചത്. 'നെവര്‍ എഗെയ്ന്‍' എന്ന മുദ്രാവാക്യത്തിലൂടെ ആഗോള പ്രചാരണം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.