ലണ്ടന്‍: ആഭരണപ്രിയരെ വലച്ച് ഇന്നു രാവിലെ കുത്തനെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് തകിടംമറിഞ്ഞു. രാവിലെ ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 9,130 രൂപയും പവന് 440 രൂപ വര്‍ധിച്ച് 73,040 രൂപയുമായിരുന്നു വില. എന്നാല്‍, യുകെ-യുഎസ് വ്യാപാരക്കരാര്‍ യഥാര്‍ഥ്യമാകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തില്‍ നിന്ന് 3,322 ഡോളറിലേക്ക് നിലംപതിച്ചു. ഇതോടെ, കേരളത്തിലും വില താഴ്ത്താന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. നിലവില്‍ വ്യാപാരം നടക്കുന്നത് ഗ്രാമിന് 8,985 രൂപയിലും പവന് 71,880 രൂപയിലും. അതേസമയം, ഇന്നു രാവിലെ സ്വര്‍ണം വാങ്ങിയവര്‍ ഇതോടെ വെട്ടിലുമായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വിലയില്‍ വലിയ ഇടിവുണ്ടായത്.
കളമൊരുക്കി യുഎസ്-യുകെ ഡീല്‍ യുഎസ് പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റശേഷം ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയ താരിഫ് നയം ആഗോള സാമ്പത്തികമേഖലയെ വന്‍തോതില്‍ ഉലച്ചിരുന്നു. ഇതിനുശേഷം യുഎസുമായി നിരവധി രാജ്യങ്ങളാണ് സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഇപ്പോള്‍, താരിഫ് പ്രശ്‌നങ്ങള്‍ക്കുശേഷം യുഎസുമായി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യമായി യുകെ മാറുകയാണ്. അമേരിക്ക സമവായത്തിന്റെ പാത സ്വീകരിക്കുന്നത് ആഗോള സമ്പദ്‌മേഖലയ്ക്ക് മികച്ച ഉണര്‍വാകുമെന്ന വിലയിരുത്തലാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. പ്രതിസന്ധി അകന്നാല്‍, സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വര്‍ണത്തിന് നഷ്ടപ്പെടും. ഇതാണ് വിലയെ താഴേക്ക് നയിക്കുന്നത്.
യുഎസും യുകെയും തമ്മിലെ വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നത് ഇരു രാജ്യങ്ങളിലേക്കുമുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വന്‍തോതില്‍ കുറയാന്‍ സഹായിക്കും. നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. താരിഫ്ഭാരം കുറയുന്നത് കമ്പനികളുടെ വരുമാനനഷ്ടം കുറയാന്‍ സഹായിക്കും. ഇത് ഈ കമ്പനികളുടെ ഓഹരികള്‍ക്കും ഊര്‍ജമാകും. ഓഹരി വിപണികള്‍ കരകയറും. ഇതാണ്, സ്വര്‍ണവിലയുടെ കുതിപ്പിന് തിരിച്ചടിയാകുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,145 രൂപയായി. രാവിലെ 40 രൂപ കൂടി വില 7,535 രൂപയായിരുന്നു. ചില കടകളില്‍ വില 120 രൂപ തന്നെ കുറഞ്ഞ് 7,375 രൂപ. വിലനിര്‍ണയത്തില്‍ വ്യാപാരി അസോസിയേഷനുകള്‍ തമ്മിലെ അഭിപ്രായഭിന്നതാണ് ഈ വ്യത്യസ്ത വിലയ്ക്കു കാരണം. അതേസമയം, വെള്ളിവില ഗ്രാമിന് 108 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു മെച്ചപ്പെട്ടതും ആഭ്യന്തര സ്വര്‍ണവില കുറയാനൊരു കാരണമാണ്.