ലണ്ടന്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് യുകെ ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ നയതന്ത്രപരമായ പങ്ക് വഹിക്കാമെന്നാണ് യുകെ വാഗ്ദാനം. ഇരു രാജ്യങ്ങളും തങ്ങളുടെ സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ബിബിസി റേഡിയോയില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക സ്ഥിരത, സംഭാഷണം, സംഘര്‍ഷം ലഘൂകരിക്കല്‍ എന്നിവയില്‍ വലിയ താല്‍പ്പര്യമുളളവരാണ് ഇരുരാജ്യങ്ങളിലും. അതിനാല്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഇവിടെയുണ്ടാവുമെന്നും യു കെ വ്യക്തമാക്കി. അതേ സമയം, ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളില്‍ നിന്നും രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും രം?ഗത്തെത്തിയിരുന്നു. ഭീകരര്‍ക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേല്‍ അറിയിച്ചു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വര്‍ധിക്കുന്നത് നാണക്കേടാണെന്നും സംഘര്‍ഷം വളരെ വേഗം അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അക്രമമാണിതെന്ന് ഫ്രാന്‍സ് പറഞ്ഞു. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ വിപത്തില്‍ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അറിയാം. പക്ഷേ സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ജീന്‍-നോയല്‍ ബാരറ്റ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുനേരെ ഉണ്ടാവുകയായിരുന്നു.