Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ മലയാളി ഡോക്ടര്‍ക്ക് ഉന്നത ബഹുമതി
reporter

ലണ്ടന്‍: പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കര്‍മ്മ നിരതനുമായ മലയാളി ഡോ. ജീഷ് ജോര്‍ജ്ജിന് (ഡോ. കിരണ്‍), ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ്, ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്റര്‍നാഷനല്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് ഉച്ചകോടിയില്‍ അംഗീകാരം. ആഗോള രാഷ്ട്രീയ, ബിസിനസ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഒത്തുകൂടിയ ഉച്ചകോടിയില്‍, ഗ്ലോബല്‍ ലീഡര്‍ഷിപ്, നവീന കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടത്തുകയും, വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്യുന്ന ചടങ്ങിലാണ് ഡോ. ജീഷ് ജോര്‍ജ്ജിന് അവാര്‍ഡ് ലഭിച്ചത്.

ബ്രിട്ടിഷ് പാര്‍ലിമെന്റ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്, സാന്‍ഡി വര്‍മ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍, ആഗോളതലത്തില്‍ പ്രശസ്തവും, യുകെയിലെ പ്രമുഖ കമ്പനിയുമായ യുകെ, എംഎസ്ജി ആതിഥേയത്വം വഹിച്ചു. ഉച്ച കോടിയില്‍ പങ്കെടുത്തവര്‍ക്ക് നെറ്റ്വര്‍ക്കിങ്ങും, അറിവും നേടാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യുകെ, എംഎസ്ജി സംഘടിപ്പിച്ച 54-ാമത് രാജ്യാന്തര ഉച്ചകോടിയില്‍ വച്ചാണ് അംഗീകാരം ഡോ. ജീഷ് ജോര്‍ജ്ജിന് സമ്മാനിച്ചത്. ഒമന്യേ റോയല്‍ കിങ്ഡം ഓഫ് ഘാനയുടെ 'ഹെര്‍ റോയല്‍ മജെസ്റ്റി ക്വീന്‍ വിക്കിലീക്സ്റ്റര്‍' ആണ് ഈ രാജ്യാന്തര അവാര്‍ഡ് വിതരണം ചെയ്തത്. സീഷെല്‍സിന്റെ മുന്‍ ടൂറിസം മന്ത്രിയും, ലാലിയന്‍സ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ, അലൈന്‍ സെന്റ് ആഞ്ചെ, എം പി ബാരി ഗാര്‍ഡിനര്‍, എം പി മാര്‍ഷ കോര്‍ഡോവ, ലോര്‍ഡ് മൈക്കിള്‍ ഡേവിഡ് കാട്‌സ്, നിരവധി എം പി മാര്‍, അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സംരംഭകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ദുബായില്‍ നിന്നുമുള്ള ഡോ. അബ്ദുള്ള, മുന്‍ ലണ്ടന്‍ മേയര്‍മാര്‍, കൗണ്‍സിലര്‍ ലൂബ്ന അര്‍ഷാദ്, ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഹിന്ദി സിനിമ താരവും, പിന്നണി ഗായികയും, ടിവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖര്‍ അവാര്‍ഡുദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഡോ. കിരണിന്, സാമൂഹിക സേവനരംഗത്തെ ദീര്‍ഘകാല സമര്‍പ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങള്‍, പാവപ്പെട്ടവര്‍ക്കായുള്ള സേവനങ്ങള്‍, ധാര്‍മ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളില്‍ കാഴ്ചവച്ച കാരുണ്യ പദ്ധതികള്‍ക്കും, മികവിനും, നിസ്തുലമായ സേവനങ്ങള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് 'എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസ്, 'ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് അച്ചീവേര്‍സ് അവാര്‍ഡ്' സമ്മാനിക്കപ്പെട്ടത്. ദന്തചികിത്സയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. കിരണ്‍ നഴ്‌സിങ്ങില്‍ പിഎച്ച്ഡിക്ക് തയാറെടുക്കുന്നു. നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിലെ മികവിനുള്ള 'ഏഷ്യന്‍ എജ്യുക്കേഷന്‍ അവാര്‍ഡ്' (ബാങ്കോക്ക്), രവിവര്‍മ്മ കലാ സാഹിത്യ സംസ്‌കൃതി ഫൗണ്ടേഷന്‍ നടത്തിയ 'രാജ്യോത്സവ പുരസ്‌കാരം', ഗുരുഗ്രാമില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തലത്തില്‍ മികവിനുള്ള 'ഇന്റര്‍നാഷനല്‍ എമിനന്‍സ് അവാര്‍ഡ്', ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സാമൂഹിക സേവനത്തിനുള്ള 'ഗ്ലോബല്‍ ഐക്കണ്‍ അവാര്‍ഡ്' തുടങ്ങിയ നിരവധി ബഹുമതികളും ആദരവുകളും അവാര്‍ഡുകളും ഡോ. കിരണിനെ ലഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ലണ്ടനില്‍ നിന്നും ലഭിച്ച ഈ അന്തര്‍ദേശീയ അംഗീകാരം അദ്ദേഹത്തിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തുകയായി.

എറണാകുളം ജില്ലയില്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മാളവനയില്‍ ജനിച്ച കിരണ്‍, വാഴപ്പള്ളി കെ പി ജോര്‍ജ്ജ്, മേരി ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ് കിരണ്‍. ഭാര്യ ഡോ. ഹണി കിരണ്‍. ഏക മകന്‍ അവിന്‍ (12) എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഗുല്‍ബര്‍ഗ സെന്റ് മേരീസ് പള്ളിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്ന ഫുഡ് ബാങ്കില്‍ 24x7 നേരം ദരിദ്രരും ഭിക്ഷാടകരും അശരണരുമായവര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ദീര്‍ഘകാലമായി ചെയ്തു വരുന്നുണ്ട്. 34 രക്തദാന ക്യാംപുകള്‍ നടത്തുകയും 40 തവണ രക്തം ദാനം ചെയ്യുകയും ചെയ്തിട്ടുള്ള ഡോ. കിരണ്‍, എല്ലാ വര്‍ഷവും 5 പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിങ്, പാരാ മെഡിക്കല്‍ വിഭാഗങ്ങളിലായി സൗജന്യ വിദ്യാഭ്യാസവും നല്‍കുന്നു.

ഗുല്‍ബര്‍ഗയില്‍ പ്രവര്‍ത്തിക്കുന്ന 'ഡിവൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമാണ് ഡോ.കിരണ്‍. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും പരിഗണനാപൂര്‍വം ചികില്‍സാസൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ മുഖ്യ ലക്ഷ്യം. 2002 മുതല്‍ കല്യാണ്‍ കര്‍ണാടക മേഖലയിലുടനീളം നഴ്സിങ്, പാരാ മെഡിക്കല്‍, ആരോഗ്യശാസ്ത്രം എന്നിവയില്‍ വിദ്യാഭ്യാസം നല്‍കുന്ന പല സ്ഥാപനങ്ങളുടെയും ചെയര്‍മാനുമാണ് ഡോ.കിരണ്‍. വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി നിരവധി കോണ്‍ഫറന്‍സുകളും വര്‍ക്ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിക്കാന്‍ ഡോക്ടര്‍ ഇതിനിടെ സമയം കണ്ടെത്താറുണ്ട്. കല്യാണ്‍ കര്‍ണാടക നഴ്സിങ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

 
Other News in this category

 
 




 
Close Window