ലണ്ടന്‍: വനിതാ ഓഫിസറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളെ തുടര്‍ന്ന് ബ്രിട്ടിഷ് റോയല്‍ നേവി മേധാവിയെ സസ്പെന്‍ഡ് ചെയ്തു. അഡ്മിറല്‍ സര്‍ ബെന്‍ കീയെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഉത്തരവില്‍ പറയുന്നത്. 59 വയസ്സുകാരനായ അഡ്മിറല്‍ സര്‍ ബെന്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അഡ്മിറല്‍ സര്‍ ബെന്‍ ഈ ആഴ്ച ആദ്യം 'സ്വകാര്യ കാരണങ്ങളാല്‍' താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞതായി നാവികസേന അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിഷ് നാവിക സേനയുടെ 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് റോയല്‍ നേവി മേധാവിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. അന്വേഷണം തുടരുന്നതിനാല്‍ അഡ്മിറല്‍ സര്‍ ബെന്‍ രാജി വെക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരസ്പര സമ്മതത്തോടെയാണ് അഡ്മിറല്‍ സര്‍ ബെന്‍ യുവ വനിതാ ഓഫിസറുമായി ബന്ധം പുലര്‍ത്തിയതാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഡ്മിറല്‍ സര്‍ ബെന്‍ ഈ വേനല്‍ക്കാലത്ത് സ്ഥാനമൊഴിയുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനോടകം സ്ഥാനമൊഴിഞ്ഞതായി ചൊവ്വാഴ്ചയാണ് അധികൃതര്‍ സ്ഥിരീകരിച്ചത്. 1984 ല്‍ റോയല്‍ നേവിയില്‍ ഒരു കേഡറ്റായി ചേര്‍ന്ന അഡ്മിറല്‍ സര്‍ ബെന്‍ കീ, 2021 മുതല്‍ ഫസ്റ്റ് സീ ലോര്‍ഡ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.അടുത്ത ആഴ്ച അഡ്മിറല്‍ നടത്താനിരുന്ന ഒരു പ്രധാന നാവിക കോണ്‍ഫറന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ സാധാരണയായി മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് നടത്താറ്. എന്നാല്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ, മുന്‍ ഫസ്റ്റ് സീ ലോര്‍ഡ് കൂടിയായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഡ്മിറല്‍ സര്‍ ടോണി റാഡാക്കിന്‍ നിലവില്‍ ബ്രിട്ടന്റെ എല്ലാ പ്രതിരോധ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാല്‍, ഡപ്യൂട്ടി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ഡേം ഷാരോണ്‍ നെസ്മിത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. റാങ്കില്‍ അഡ്മിറല്‍ സര്‍ ബെന്‍ കീക്ക് തുല്യയാണ് ഷാരോണ്‍ നെസ്മിത്ത്. നാവികസേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിന് അദ്ദേഹത്തിന് കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടി വന്നേക്കാം. അല്ലെങ്കില്‍ അച്ചടക്ക നടപടിയിലൂടെ ശിക്ഷ ലഭിക്കാം. ഇത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷകളില്‍ റാങ്ക് കുറയ്ക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്നത് ഉള്‍പ്പെടുന്നു.