കീവ്: യുക്രെയ്‌ന് പിന്തുണയുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് കീവില്‍. 30 ദിവസത്തെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഇന്ന് യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യം പ്രദര്‍ശിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ.
30 ദിവസത്തെ നിരുപാധിക വെടിനിര്‍ത്തല്‍ വേണമെന്ന് നേതാക്കള്‍ റഷ്യയോട് ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ സുസ്ഥിര സമാധാനത്തിന്റെ ആദ്യപടിയായിരിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎസ് ഭരണകൂടവും നേരത്തെ പറഞ്ഞിരുന്നു. സമാധാന കരാറിനായുള്ള പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ ആവര്‍ത്തിക്കുമെന്ന് നാല് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് യുക്രെയ്ന്‍ സമ്മതം അറിയിച്ചെങ്കിലും റഷ്യ ഇതുവരെ കരാറിന് സമ്മതം അറിയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായാണ് യൂറോപ്യന്‍ നേതാക്കള്‍ ഇത്തരത്തിലൊരു സംയുക്ത സന്ദര്‍ശനം നടത്തുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഫ്രെഡറിക് മെര്‍സിന്റെ ആദ്യത്തെ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്.
റഷ്യ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. നിയമ വിരുദ്ധ അധിനിവേശത്തിനെതിരെ ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ യുക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ സുരക്ഷിത്വം ഉറപ്പാക്കണം. വരും തലമുറയ്ക്കായി പരമാധികാരവുമുള്ള ഒരു രാഷ്ട്രമായി യുക്രെയ്ന്‍ മാറണം. യുക്രെയ്‌നുളള പിന്തുണ യൂറോപ്യന്‍ നേതാക്കള്‍ തുടരും. റഷ്യ ഒരു ശാശ്വത വെടിനിര്‍ത്തലിന് സമ്മതിക്കുന്നതുവരെ യുദ്ധ യന്ത്രത്തില്‍ ഞങ്ങള്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതായിരിക്കും. സന്ദര്‍ശന വേളയില്‍, കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി യുക്രെയ്ന്‍ പതാകകള്‍ സ്ഥാപിക്കുന്ന മൈതാനത്ത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കു'മെന്നും പ്രസതാവനയില്‍ പറഞ്ഞിട്ടുണ്ട്. വായു, കര, സമുദ്ര, പുനരുജ്ജീവന സേനയുടെ പുരോഗതിയെക്കുറിച്ച് മറ്റ് നേതാക്കളെ അറിയിക്കുന്നതിനായി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തണമെന്നുമാണ് തീരുമാനമെന്നും പ്രസ്താവനയിലുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ വാര്‍ഷികാഘോഷം കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്നിരുന്നു. റഷ്യന്‍ പരേഡില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് നേതാവ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുളള നേതാക്കള്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ല്‍ റഷ്യ യുക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം വാര്‍ഷികാഘോഷം കാര്യമായ രീതിയില്‍ നടത്തിയിരുന്നില്ല. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, സെര്‍ബിയ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക്, വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയും പരിപാടിയുടെ ഭാ?ഗമായി റഷ്യയില്‍ എത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റോബര്‍ട്ട് ഫിക്കോയും പരേഡില്‍ പങ്കെടുത്തത്. പരേഡില്‍ പങ്കെടുത്ത ഏക യൂറോപ്യന്‍ യൂണിയന്‍ നേതാവും ഫിക്കോ ആയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു നേതാവിന്റെ മോസ്‌കോ സന്ദര്‍ശനമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.