ന്യൂഡല്‍ഹി: യുകെ സര്‍ക്കാര്‍ പരിഗണിക്കുന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്നു വിലയിരുത്തല്‍. കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ധവളപത്രം കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ നിര്‍ദേശിക്കുന്ന പുതിയ പഠന റൂട്ട് ഉള്‍പ്പെടെയുള്ളവ ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാകും. യുകെയില്‍ 5 വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കു പൗരത്വമെന്ന മാനദണ്ഡം മാറി 10 വര്‍ഷമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നിലവിലുള്ളത്. ഉയര്‍ന്ന ഇംഗ്ലിഷ് മാനദണ്ഡങ്ങളും നിര്‍ദേശിക്കുന്നുണ്ട്.
ആശ്രിതര്‍ക്കു വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇതു ബാധമാകും. വീസ കാലയളവില്‍ ഉടനീളം ഭാഷാ അഭിരുചിയും അതിലെ പുരോഗതിയും വിലയിരുത്തപ്പെടും. നൈപുണ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിരുദമെങ്കിലും അടിസ്ഥാന യോഗ്യത വേണമെന്ന നിര്‍ദേശവും ഉണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പഠനത്തിനായി യുകെയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നു നിലവിലെ ഗ്രാജ്വേറ്റ് റൂട്ട് വീസ മാനദണ്ഡങ്ങളാണ്.
പഠനം പൂര്‍ത്തിയാക്കിയാലും 2 വര്‍ഷം യുകെയില്‍ തുടരാനും ജോലി തേടാനും ഇതിലൂടെ സാധിക്കും. എന്നാല്‍, 2 വര്‍ഷമെന്നതു 18 മാസമായി (ഒന്നര വര്‍ഷം) കുറയ്ക്കണമെന്ന നിര്‍ദേശവും ഉണ്ട്. ഇതു നിലവിലുള്ള വിദ്യാര്‍ഥികള്‍ക്കു ബാധകമാകുമോ അതോ സെപ്റ്റംബറിലെ പുതിയ അക്കാദമിക് ഘട്ടം മുതല്‍ക്കാണോ പ്രാബല്യത്തില്‍ വരുകയെന്നതില്‍ വ്യക്തതയില്ല. പഠനം പൂര്‍ത്തിയാക്കുന്ന പലരും ജോലി കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യം നിലവില്‍ ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കനുസരിച്ചു കഴിഞ്ഞ നവംബറില്‍ 1,36,921 ഇന്ത്യന്‍ വിദ്യാര്‍ഥികളാണു യുകെയില്‍ പഠിക്കുന്നത്. 2022-23 അക്കാദമിക് വര്‍ഷത്തില്‍ ഇതു 1,73,190 ആയിരുന്നു.