ലണ്ടന്‍: റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി (DVLA) പുറത്തിറക്കിയ പുതിയ ഉത്തരവ് വ്യാഴാഴ്ച (ഡിസംബര്‍ 18) മുതല്‍ പ്രാബല്യത്തില്‍ വരും. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങള്‍ ചുവടെ:
മുതിര്‍ന്ന പൗരന്മാര്‍ക്ക് കര്‍ശന നിയന്ത്രണം
- ലൈസന്‍സ് പുതുക്കല്‍ പ്രായപരിധി: നേരത്തെ 70 വയസ്സായിരുന്ന നിര്‍ബന്ധിത പുതുക്കല്‍ പ്രായം 65 വയസ്സായി കുറച്ചു.
- കാലാവധി: 65 വയസ്സ് കഴിഞ്ഞാല്‍ ഓരോ 3 വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കണം. മുമ്പ് ഇത് 10 വര്‍ഷമായിരുന്നു.
- കാഴ്ച പരിശോധന: 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കുന്നത് മാത്രം ഇനി മതിയാകില്ല. അംഗീകൃത ഒപ്റ്റീഷ്യനില്‍ നിന്നുള്ള ഔദ്യോഗിക കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം.
- ആരോഗ്യ വിവരങ്ങള്‍: വാഹനം ഓടിക്കാന്‍ തടസ്സമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവെച്ചാല്‍ £1,000 (ഏകദേശം 1 ലക്ഷം രൂപ) വരെ പിഴ. എന്‍എച്ച്എസുമായി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്
- ഭാരം വര്‍ധന: കാറ്റഗറി ബി ലൈസന്‍സുള്ളവര്‍ക്ക് 3.5 ടണ്‍ വരെ മാത്രമായിരുന്ന പരിധി, ഇലക്ട്രിക് വാനുകള്‍ക്കായി 4.25 ടണ്‍ വരെയാക്കി.
- നിബന്ധനകള്‍: ഡ്രൈവര്‍ക്ക് കുറഞ്ഞത് 21 വയസ്സും, 2 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.
- കാരണം: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഭാരം കണക്കിലെടുത്താണ് ഇളവ്.
ലണ്ടന്‍ യാത്രയ്ക്കും നികുതിയിലും അധികച്ചെലവ്
- കണ്‍ജഷന്‍ ചാര്‍ജ്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് 2025 ഡിസംബര്‍ 25 മുതല്‍ അവസാനിക്കും. എല്ലാ വാഹനങ്ങള്‍ക്കും ഫീസ് ബാധകം.
- റോഡ് ടാക്‌സ്: 2025 ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി (VED) ബാധകം. £40,000-ന് മുകളിലുള്ള കാറുകള്‍ക്ക് 'എക്‌സ്‌പെന്‍സീവ് കാര്‍ സപ്ലിമെന്റ്' നല്‍കണം.
- ഇന്ധന നികുതി: നിരക്കുകളില്‍ വര്‍ധനവില്ല. എന്നാല്‍ കമ്പനി കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ബെനഫിറ്റ് ഇന്‍ കൈന്‍ഡ് (BiK) ടാക്‌സില്‍ 1% വര്‍ധന.
പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി