ലണ്ടന്‍: വിന്റര്‍ പ്രഷറിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ശമ്പള വര്‍ധന നേടിയെടുക്കാന്‍ ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമര രംഗത്ത്. അഞ്ചു ദിവസത്തെ വാക്കൗട്ട് സമരം ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു. 2023 മുതല്‍ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ നടത്തുന്ന പതിനാലാമത്തെ വാക്കൗട്ട് സമരമാണിത്.
എന്‍.എച്ച്.എസിന് ഗുരുതര പ്രതിസന്ധി
കൊടും തണുപ്പില്‍ സൂപ്പര്‍ ഫ്ലൂ പോലുള്ള രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍, എന്‍.എച്ച്.എസ് (National Health Service) ഇതിനകം തന്നെ അതി സമ്മര്‍ദത്തിലായിരിക്കുകയാണ്.
- മിക്കവാറും എല്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ സമരം പ്രതികൂലമായി ബാധിക്കുന്നു.
- എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ചികില്‍സകള്‍ തടസ്സപ്പെടാനിടയുണ്ടെന്ന് എന്‍.എച്ച്.എസ് മുന്നറിയിപ്പ് നല്കി.
- പ്രതിസന്ധി ഘട്ടത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അപകടത്തിലാക്കുന്ന നടപടിയാണിതെന്ന് എന്‍.എച്ച്.എസ് മാനേജ്മെന്റ് കുറ്റപ്പെടുത്തി.
- എന്നാല്‍, മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് (BMA) വിശദീകരിച്ചു.
ശമ്പള വര്‍ധന: ഡോക്ടര്‍മാരുടെ ആവശ്യം
- 2024-ല്‍ ഡോക്ടര്‍മാര്‍ക്ക് 22 ശതമാനം ശമ്പള വര്‍ധന ലഭിച്ചിരുന്നു.
- നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെ.
- ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ 5.4 ശതമാനം വര്‍ധന കൂടി പ്രഖ്യാപിച്ചു.
- എന്നാല്‍, ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ വര്‍ധന വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യമുന്നയിക്കുന്നു.
- 22 ശതമാനം വര്‍ധനയും 5.4 ശതമാനം വര്‍ധനയും ചേര്‍ത്താലും 2008ലെ ശമ്പള മൂല്യം ഇപ്പോഴും ലഭ്യമല്ലെന്നാണ് BMAയുടെ നിലപാട്.
സര്‍ക്കാരിന്റെ പ്രതികരണം
ബ്രിട്ടിഷ് പ്രധാനമന്ത്രി സര് കെയ്ര് സ്റ്റാമെര്‍ സമരത്തെ ശക്തമായി വിമര്‍ശിച്ചു.
- സൂപ്പര്‍ ഫ്ലൂ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സമരം നടത്തുന്നത് ''വിശ്വാസയോഗ്യമല്ല'' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും അപകടകരമായ അവസ്ഥയിലാണ് എന്‍.എച്ച്.എസ് ഇപ്പോള്‍ എന്നും, ഫ്ലൂ കേസുകള്‍ റെക്കോര്‍ഡ് നിലയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പൊതുജന പിന്തുണ കുറവ്
പുതിയ യൂഗോവ് സര്‍വേ പ്രകാരം,
- രാജ്യത്തെ 58% പേര് സമരത്തെ ശക്തമായി എതിര്‍ക്കുന്നു.
- 33% പേര് മാത്രമാണ് പിന്തുണയ്ക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ അഭ്യര്‍ത്ഥന
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റീങ് ക്രിസ്മസ് കാലത്ത് രോഗികളെ ഉപേക്ഷിക്കരുതെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. സൂപ്പര്‍ ഫ്ലൂ രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തില്‍, സമരം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി