ഗ്ലാസ്ഗോ: യുകെയിലെ സ്ഥിരതാമസാനുമതി പരിഷ്കാരങ്ങളില്‍ നിലവിലുള്ള കുടിയേറ്റക്കാര്‍ക്ക് ന്യായമായ ഇടക്കാല സംരക്ഷണം ആവശ്യപ്പെടുന്ന പ്രചാരണത്തിന് മൈഗ്രന്റ് വോയ്സ് പിന്തുണ അറിയിച്ചതായി സംഘാടകര്‍. സംഘടനയുടെ ഡയറക്ടര്‍ നസെക് റമദാനുമായി നവംബര്‍ പത്തിന് ഗ്ലാസ്ഗോയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം 'യുകെ സ്കില്‍ഡ് വര്ക്കേഴ്സ്ഐഎല്ആര് ആക്ഷന്‍' കോഓര്‍ഡിനേറ്റര്‍ മിഥുന് മോഹനനാണ് ഇക്കാര്യം അറിയിച്ചത്. യുകെ ഐഎല്‍ആര്‍ വാര്‍ത്തകള്‍. സ്ഥിരതാമസത്തിനുള്ള പൊതുവായ യോഗ്യതാകാലം അഞ്ചില്‍നിന്ന് പത്തുവര്ഷമാക്കാനുള്ള 'ഏണ്‍ഡ് സെറ്റില്‍മെന്റ്' നയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം. ചില വിഭാഗങ്ങള്‍ക്ക് ഇളവുകളും ഇടക്കാല സംരക്ഷണവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിശദമായ ചട്ടങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച് യുകെയിലെത്തി ജോലി ചെയ്യുന്ന സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ആശ്രിതര്‍ക്കും മറ്റ് ബാധിത വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍, സ്ഥിരതാമസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, ആരോഗ്യ-സാമൂഹിക പരിചരണ മേഖലകളിലെ തൊഴിലാളികളുടെ സംഭാവനകള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി മിഥുന് അറിയിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 26ന് ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുവരെ എഡിന്‍ബറോയിലെ സ്കോട്ടിഷ് പാര്‍ലമെന്റിനു മുന്നില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. പരിപാടിയുടെ ക്രമീകരണങ്ങള്‍ പാര്‍ലമെന്റ് സുരക്ഷാവിഭാഗവുമായി ഏകോപിപ്പിച്ചതായും സംഘാടകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍, സ്കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരെയും കൂട്ടായ്മ സമീപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.