|
പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജ് വധക്കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളായ ടി.പി. ബിജു, സഹോദരങ്ങളായ എം. വൈശാഖ്, എം. വിപിന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. നാല് മുതല്‍ ഇരുപത് വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദവും ഗൂഢാലോചനാക്കുറ്റവും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ 20 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട്ട് ബിജു എന്ന സി. ബിജു പിന്നീട് കൊല്ലപ്പെട്ടതിനാല്‍, ശേഷിച്ച 19 പ്രതികളാണ് വിചാരണ നേരിട്ടത്. 2016 ജൂലായ് 11-ന് രാത്രി പത്ത് മണിയോടെ ധനരാജിനെ അക്രമിസംഘം വീടിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പയ്യന്നൂര്‍ സി.ഐ. വി. രമേശന്‍ തുടക്കമിട്ട അന്വേഷണം പിന്നീട് സി.ഐ. എം.പി. ആസാദാണ് പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. 2025 സെപ്റ്റംബര്‍ 25-ന് വിചാരണ ആരംഭിച്ച കേസില്‍ 43 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 33 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. |