Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് വീണ്ടും പ്രതിസന്ധിയില്‍: റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിലേക്ക്
reporter

ലണ്ടന്‍: ശമ്പള വര്‍ധനവിനെച്ചൊല്ലി മാസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ 7 രാവിലെ 7 മണിക്ക് ആരംഭിക്കുന്ന സമരം ഏപ്രില്‍ 13 വരെ നീണ്ടുനില്‍ക്കും. ഈസ്റ്റര്‍ അവധിക്കാലത്തിന് പിന്നാലെ നടക്കുന്ന സമരം രോഗിപരിചരണത്തെയും ശസ്ത്രക്രിയകളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാര്‍ റെസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

സ്വതന്ത്ര ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 3.5% വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും, 2008 മുതല്‍ ഉണ്ടായ നാണയപ്പെരുപ്പം കണക്കിലെടുത്താല്‍ യഥാര്‍ത്ഥ ശമ്പളത്തില്‍ 20% കുറവുണ്ടായതായി ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30% വര്‍ധനവ് നല്‍കിയെന്നും ഇനിയും വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ നിലപാട്. കുറഞ്ഞ ശമ്പളവും ജോലിഭാരവും കാരണം യുകെയിലെ ഡോക്ടര്‍മാര്‍ ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് തടയാന്‍ മികച്ച വേതനം അനിവാര്യമാണെന്ന് BMA വ്യക്തമാക്കുന്നു. കൂടാതെ, സ്‌പെഷലിസ്റ്റ് ട്രെയിനിങ്ങിലേക്ക് പ്രവേശിക്കുന്ന മൂന്നാം വര്‍ഷത്തില്‍ ആവശ്യത്തിന് തസ്തികകളില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലഭ്യമായ 10,000 ഒഴിവുകളിലേക്ക് 30,000 അപേക്ഷകര്‍ എത്തിയതും പ്രശ്‌നം രൂക്ഷമാക്കി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ സാധ്യമായ എല്ലാ വിട്ടുവീഴ്ചകളും നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു. രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചാലും കടുത്ത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആയിരക്കണക്കിന് ശസ്ത്രക്രിയകളും ഒപി അപ്പോയിന്റ്മെന്റുകളും മാറ്റിവെക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window