കണ്ണിനും മനസിനും കുളിര്‍മ്മയേകുന്ന കാഴ്ചകള്‍ സമ്മാനിച്ച് സെന്‍ട്രല്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്റെ (സിഎസ് എം എ) ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം. സ്നേഹ സംഗമമായി മാറിയ ദൃശ്യ വിരുന്നിലേക്ക് നൂറോളം മലയാളികളാണ് എത്തിയത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രമണ്ട് കമ്യൂണിറ്റി ഹാളില്‍ ആഘോഷ നിറവിലായിരുന്നു ഒത്തുചേരല്‍. വൈവിധ്യവും നവീനവുമായ ആഘോഷം മലയാളികള്‍ ഹൃദ്യമായി വരവേറ്റു. രഥത്തിലേറിയുള്ള സാന്റാ ക്ലോസിന്റെ കടന്നുവരവും വേദിയിലേക്ക് പറന്നിറങ്ങിയ മാലാഖയുമെല്ലാം കാണികളില്‍ ആവേശം പടര്‍ത്തി. സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസന്‍ സാമുവല്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്‍ അബ്രോയുടെ മ്യൂസിക്കല്‍ ഡിജെ സദസ്സിനെ ഇളക്കിമറിച്ചു. ജോമേഷ് ജോസ്, ജെസി റോജന്‍ എന്നിവര്‍ അവതാരകരായി. നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും നല്‍കി.