Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഗൃഹോപയോഗ എനര്‍ജി ബില്‍ ഉയരുന്നു; 332 പൗണ്ട് വരെ വര്‍ധന പ്രവചനം
reporter

ലണ്ടന്‍: ജൂലൈ മുതല്‍ യുകെയിലെ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് വരെ ഉയരുമെന്നാണ് സൂചന. അമേരിക്ക, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ-വാതക വില ഉയര്‍ന്നതാണ് പ്രധാന കാരണം.

ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്ജെം മേയ് 27ന് പുതിയ 'പ്രൈസ് ക്യാപ്' പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്ന ഈ സംവിധാനം യഥാര്‍ത്ഥ ബില്‍ ഉപഭോഗത്തിനനുസരിച്ചായിരിക്കും.

മാര്‍ച്ചിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ തന്നെ ഹോള്‍സെയില്‍ വില ഉയര്‍ന്നതിനാല്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബില്‍ വര്‍ധന ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഉയര്‍ന്ന എനര്‍ജി നിരക്കുകളുടെ വെളിച്ചത്തില്‍ സഹായം നല്‍കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന് മേല്‍ ശക്തമാണ്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് സഹായം നല്‍കുന്ന പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. എല്ലാവര്‍ക്കും ഒരുപോലെ സഹായം നല്‍കണമോ, ദുര്‍ബല വിഭാഗങ്ങള്‍ക്കായി മാത്രം ലക്ഷ്യമിട്ട സഹായമോ എന്ന വിഷയത്തില്‍ ചര്‍ച്ച തുടരുകയാണ്.

2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ സര്‍ക്കാര്‍ 35 ബില്യണ്‍ പൗണ്ട് ചെലവില്‍ പൊതുസഹായ പാക്കേജ് നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ 150 പൗണ്ട് ബില്‍ കുറയ്ക്കുന്ന നടപടികളും എടുത്തിരുന്നു. ഇത്തരം നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ നിലവിലെ പ്രവചനം 2,000 പൗണ്ട് കടന്നേനെയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

 
Other News in this category

 
 




 
Close Window