|
മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ഓസ്റ്റന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. കാറ്റ് ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയര്‍ തകര്‍ത്തു. 16,000 ല്‍ അധികം വീടുകളില്‍ ഈ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഹീത്രൂവില്‍ ഇന്നലെ 19 വിമാനങ്ങള്‍ റദ്ദ് ചെയ്തു. ഗാറ്റ്വിക്കില്‍ 17 ഉം സൗത്താംപ്ടണില്‍ 13 ഉം എസ്സെക്സില്‍ നാലും വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.
കനത്ത കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടതോടെ പലയിടങ്ങളിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. വെള്ളപ്പൊക്കവും, അതിശക്തമായ കാറ്റില്‍ കടപുഴകി വീണ മരങ്ങളുമാണ് പലയിടങ്ങളിലും ഗതാഗത തടസം സൃഷ്ടിച്ചത്. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കാറ്റ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. കോണ്‍വാളിനെയും കാലാവസ്ഥ വലിയ രീതിയില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. ഇവിടെ ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചിടുകയോ വൈകി മാത്രം പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ ജഴ്സി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് റെയില്‍ ഗതാഗതവും താറുമാറായതായി വിവിധ ട്രെയിന്‍ കമ്പനികള്‍ അറിയിച്ചു.
വാരാന്ത്യത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച സ്റ്റോം ബോലോ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്‌കോട്ട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. |