Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കമ്പനികള്‍ പൂട്ടി ഉടമകള്‍ മുങ്ങി; ഷാര്‍ജയിലും ദുബൈയിലും മലയാളികളടക്കം നിരവധി പേര്‍ ദുരിതത്തില്‍
Reporter

ഷാര്‍ജ: ഷാര്‍ജയിലെ റോളയിലും ദുബൈയിലെ ഉമ്മു റമൂല്‍ ഭാഗത്തും പ്രവര്‍ത്തിച്ചിരുന്ന ട്രേഡിങ് കമ്പനികള്‍ പൂട്ടിയതിനെ തുടര്‍ന്ന് സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം നിരവധിയാളുകള്‍ ദുരിതത്തിലായി. റോള ബാങ്ക് സ്ട്രീറ്റില്‍ നീലേശ്വരം സ്വദേശികള്‍ നടത്തിയിരുന്ന ഇന്റര്‍നാഷനല്‍ ട്രേഡിങ് കമ്പനിയും ദുബൈയിലെ ദാനത്ത് അല്‍ മംസാര്‍ ജനറല്‍ ട്രേഡിങ് കമ്പനിയുമാണ് പൂട്ടിയത്.

റോള ബാങ്ക് സ്ട്രീറ്റില്‍ നീലേശ്വരം സ്വദേശികള്‍ നാല് മാസം മുമ്പാണ് ഓഫിസെടുത്ത് പ്രവര്‍ത്തനം തുടങ്ങിയത്. സ്ത്രീകളടക്കം എട്ടോളം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. വന്‍ തുകക്കുള്ള സാധന സാമഗ്രികള്‍ വാങ്ങിക്കൂട്ടിയ ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

ദുബൈ ഉമ്മു റമൂല്‍ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദാനത്ത് അല്‍ മംസാര്‍ ജനറല്‍ ട്രേഡിങ് കമ്പനി ഉടമകളും ഇതേ രീതിയിലാണ് മുങ്ങിയത്. മില്യന്‍ കണക്കിന് ദിര്‍ഹമാണ് വിവിധ സാധനങ്ങള്‍ ഇറക്കിയവര്‍ക്ക് നല്‍കാനുള്ളത്. പലര്‍ക്കും പല തിയതികള്‍ കാണിച്ച് ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവ ഒന്നിന് പിറകെ ഒന്നായി മടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പതിനായിരം ദിര്‍ഹം മുതല്‍ ലക്ഷങ്ങള്‍ വരെ കിട്ടാനുള്ളവര്‍ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്.

തുടക്കത്തില്‍ ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കിയാണ് ഷാര്‍ജയില്‍നിന്ന് മുങ്ങിയ മലയാളികളായ കമ്പനി ഉടമകള്‍ ഉപഭോക്താക്കളെ കൈയിലെടുത്തത്. പിന്നീട് കച്ചവടം ചെക്കിലേക്കും ആറക്കത്തിലേക്കും കടന്നു. കെട്ടിട നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, എയര്‍ ടിക്കറ്റുകള്‍, സ്‌റ്റേഷനറി സാധനങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ പ്രധാനമായും വാങ്ങിക്കൂട്ടിയത്. ഇതെല്ലാം വിറ്റഴിച്ച ശേഷമാണ് ഇവരുടെ തിരോധാനം.

കമ്പനി അധികൃതര്‍ നല്‍കിയ മൊബൈല്‍ നമ്പറുകളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ഇരകള്‍ സംഘടിച്ച് പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് അര ലക്ഷം ദിര്‍ഹം കിട്ടാനുള്ള മലയാളി പറഞ്ഞു. അതിനാല്‍ ഇവര്‍ ഇവിടെ തന്നെയുണ്ടെന്നാണ് നിഗമനം. വ്യവസായ മേഖലയില്‍ ഇവര്‍ക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്ന വെയര്‍ഹൗസ് കാലിയായി കിടക്കുകയാണത്രെ. തട്ടിപ്പുകാരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മില്യന്‍ കണക്കിന് ദിര്‍ഹം കൈക്കലാക്കിയാണ് ദുബൈ ഉമ്മു റമൂല്‍ ഭാഗത്തുനിന്ന് കമ്പനി ഉടമകള്‍ മുങ്ങിയത്. വന്‍ തുകക്ക് സാധനങ്ങള്‍ വാങ്ങിയ ശേഷം 20 ശതമാനം പണമായും ബാക്കി തുക നാല് ഘട്ടങ്ങളില്‍ മാറാവുന്ന ചെക്കായുമാണ് ഇവര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ ഇടപാടുകാര്‍ കമ്പനിയെ സമീപിക്കുകയായിരുന്നു. ഇവരുടെ മാന്യമായ സംസാര രീതി കണ്ട് പലരും തിയതി മാറ്റി നല്‍കി. പിന്നീട് ഫോണുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് ഇടപാടുകാര്‍ കമ്പനി ഓഫിസില്‍ എത്തിയത്. എന്നാല്‍ ഓഫിസും ഷാര്‍ജ വ്യവസായ മേഖലയിലെ വെയര്‍ഹൗസും പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഇറക്കിയ വകയില്‍ ഇവര്‍ ഷാര്‍ജയിലെ കമ്പനിക്ക് 9,70,000 ദിര്‍ഹം നല്‍കാനുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ മറ്റൊരു കമ്പനിക്ക് നല്‍കാനുള്ളത് 1,82,500 ദിര്‍ഹമാണ്. ഷാര്‍ജയിലെ പ്‌ളാസ്റ്റിക് കമ്പനിയില്‍നിന്ന് 40 ടണ്‍ മാലിന്യ നിക്ഷേപ കവറുകള്‍ വാങ്ങിയതിന് കൊടുക്കാനുള്ളത് 1,31,000 ദിര്‍ഹം. പേപ്പറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍നിന്ന് ഫോട്ടോ കോപ്പിക്കുള്ള പേപ്പറുകള്‍ വാങ്ങിയതിന് 1,00,000 ദിര്‍ഹം. ലോണ്‍ട്രി മെഷീന്‍ വാങ്ങിയ കമ്പനിക്ക് കൊടുക്കാനുള്ളത് 26,000 ദിര്‍ഹം. മൊബൈലുകള്‍ വാങ്ങിയ വകയില്‍ ദുബൈയിലെ കമ്പനിക്ക് കൊടുക്കാനുള്ളത് 26,000 ദിര്‍ഹം. ഭക്ഷ്യോല്‍പന്നങ്ങള്‍ ഇറക്കിയ കമ്പനിക്ക് 1,00,000 ദിര്‍ഹം. അല്‍ഐനിലെ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങിയ വകയില്‍ 50,000 ദിര്‍ഹം.

കമ്പനി പൂട്ടിയ വിവരമറിഞ്ഞെത്തിയ ഇടപാടുകാര്‍ സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. തട്ടിപ്പിനിരയായവര്‍ സംഘടിച്ച് ബര്‍ദുബൈ, മുറഖബാദ് പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്പനി ഉടമകള്‍ നല്‍കിയ പാസ്‌പോര്‍ട്ട് കോപ്പി വ്യാജമാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാമറകളില്‍ തട്ടിപ്പുകാരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

 
Other News in this category

 
 




 
Close Window