Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി
Reporter

മസ്‌കത്ത്: സൊഹാര്‍ തുറമുഖത്തേക്ക് ചരക്കുമായി വരികയായിരുന്ന കപ്പല്‍ എന്‍ജിന്‍ റൂമിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഭാഗികമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കുന്നത് തടയാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി ഒമാന്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ ചരക്ക് വീണ്ടെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞതായും കപ്പല്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മറൈന്‍ അഫയേഴ്‌സ് അറിയിച്ചു.

ലൈബീരിയന്‍ പതാക വഹിക്കുന്ന 'എം.വി അറ്റ്‌ലാന്റിക് കോണ്‍ഫിഡന്‍സ്' എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിനുള്ള സ്റ്റീല്‍ ഉരുപ്പടികളുമായി തുര്‍ക്കിയില്‍ നിന്ന് സൊഹാറിലേക്ക് പുറപ്പെട്ട കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ ഒമാനിലെ മസീറ ഐലന്റില്‍നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ കപ്പല്‍ ഉപേക്ഷിച്ച് നാവികര്‍ ലൈഫ് ബോട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. സഹായം അഭ്യര്‍ഥിച്ച് എസ്.ഒ.എസ് സന്ദേശവും അയച്ചു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണം തടയാന്‍ കടലില്‍ റോന്തുചുറ്റിയിരുന്ന നാറ്റോ ദൗത്യ സംഘത്തിന്റെ കപ്പല്‍ കമാന്‍ഡര്‍ അഡ്മിറല്‍ അന്‍േറാണിയോ നതാലെക്കാണ് സന്ദേശം ലഭിച്ചത്. യു.എസ്.എസ് നികോളാസ് എന്ന പടക്കപ്പലിനോട് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട സൈനികര്‍ 80 മൈല്‍ അകലെ അപകടത്തില്‍ പെട്ട കപ്പല്‍ കണ്ടെത്തി. ലൈഫ് ബോട്ടില്‍ നിന്ന് 21 നാവികരെയും രക്ഷപ്പെടുത്തി സമീപത്തുണ്ടായിരുന്ന പ്‌ളൂട്ടോ എന്ന എണ്ണക്കപ്പലിലെത്തിച്ചു. ആര്‍ക്കും പരിക്കൊന്നുമില്ല.

കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പടരുന്നത് തടയാന്‍ ഒമാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ മലിനീകരണ നിയന്ത്രണ സംഘം മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. റോയല്‍ നേവി ഓഫ് ഒമാന്റെ കപ്പലുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. ചരക്കുകപ്പലായതിനാല്‍ നിലവിലെ സാഹചര്യമനുസരിച്ച് എണ്ണ ചോരാന്‍ സാധ്യതയില്ല. 

 
Other News in this category

 
 




 
Close Window