Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
നിയമവിധേയമായി സൗദിയിലെത്തിയ പ്രവാസികള്‍ക്ക് ഇളവ് നല്‍കും
Reporter

നിയമവിധേയമായി സൗദി അറേബ്യയിലെത്തിയ തൊഴിലാളികളുടെ വിസ ക്രമപ്പെടുത്തുമെന്ന് അധികൃതര്‍. വിസയില്‍ പറഞ്ഞ തൊഴിലില്‍ അല്ലാത്തവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ അവസരം നല്‍കുമെന്ന് സൗദി ഭരണകൂടം സമ്മതിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചിരിക്കുന്നത്.

അനധികൃത താമസക്കാര്‍ക്ക് സ്വരാജ്യത്തേക്ക് മടങ്ങുന്നതിനോ വിസ നിയമപരമാക്കുന്നതിനോ മൂന്ന് മാസത്തെ സാവകാശം കൂടി അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ സൗദി അധികൃതരുമായി ബന്ധപ്പെടണമെന്നാണ് ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ എല്ലാ പ്രവാസികള്‍ക്കും രേഖകള്‍ നിയമപരമാക്കാനാകുമോ എന്ന് ആശങ്കയുണ്ട്.

സ്വദേശി വല്‍ക്കരണം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഉന്നത സംഘം സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു നിയമവിധേയമായി സൗദിയിലെത്തിയവരുടെ വിസ ക്രമപ്പെടുത്തണമെന്നത്.പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സൗദിയിലെത്തിയത്. സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നടപടികള്‍ ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സംഘം സൗദിയിലെത്തിയത്. ഇത് പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇരുപത് ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ പണിയെടുക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. സൗദി അറേബ്യയിലെ പ്രാദേശിക തൊഴിലില്ലായ്മ മറികടക്കുന്നതിനായി സൗദി സ്വദേശിവത്കരണം ആരംഭിച്ചതോടെയാണ് പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍സുരക്ഷയെക്കുറിച്ച് ആശങ്ക ശക്തമായത്.

തൊഴില്‍സ്ഥാപനങ്ങളില്‍ പത്ത് വിദേശ തൊഴിലാളികള്‍ക്കൊപ്പം ഒരു സൗദി പൗരനെ നിയമിക്കണമെന്ന വ്യവസ്ഥ സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി കര്‍ശനമാക്കിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. നിതാഖത്ത് നിയമപ്രകാരം സൗദിയിലെ സ്ഥാപനങ്ങളെ പച്ച, മഞ്ഞ, ചുവപ്പ്, എക്‌സലന്റ് എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്ക് ജോലി നല്‍കിയാല്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു നിയമസഹായമുണ്ടാകും.

നിയമലംഘനം നടത്തുന്നവരെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും. പിന്നീട് തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ് പുതുക്കാനോ തൊഴിലനുമതിയോ താമസ രേഖയായ ഇഖാമയോ പുതുക്കുന്നതിനാവില്ല.

നിതാഖത്ത് മൂലമുള്ള പ്രതിസന്ധി തുടരുന്നതിനിടയിലും നിരവധി തൊഴിലവസരങ്ങളും സൗദിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഗള്‍ഫിലെ ക്ഷീരോത്പാദന കമ്പനിയായ അല്‍മറായി വിവിധവിഭാഗങ്ങളിലായി 1500 ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് സമീപിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ തങ്ങളുടെ ബയോഡേറ്റ crd@almarai.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 01 4700005.

 
Other News in this category

 
 




 
Close Window