|
പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കോ മറ്റ് അംഗീകാരങ്ങള്‍ക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താന്‍ വിചാരിച്ചിരുന്നെങ്കില്‍ പത്മഭൂഷണ്‍ പുരസ്‌കാരം എത്രയോ മുന്‍പ് തന്നെ ലഭിക്കുമായിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇത്തരം ബഹുമതികളില്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ബുധനാഴ്ച ചങ്ങനാശ്ശേരി പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യശ്രമങ്ങള്‍ക്കിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷണ്‍) വെള്ളാപ്പള്ളിക്ക് കിട്ടുന്നു. അതിനാല്‍ അത്ര ശുദ്ധമല്ല ഇടപെടല്‍ എന്നു തോന്നി എന്നാണ് മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞത്.
എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞുവെന്നും ഐക്യനീക്കം ഒരു 'കെണി'യാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. |