ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടിയതോടെ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്നിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ മന്നിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചു.
അടുത്തിടെ എഎപിയില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എംപി സ്വാതി മലിവാളും വീഡിയോ പങ്കുവെച്ച് മന്നിനെതിരെ രംഗത്തെത്തി. മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മലിവാളിന്റെ ആരോപണപ്രകാരം, മന്നിനെതിരെ മുമ്പും ഗുരുദ്വാര, ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കിടയില്‍ മദ്യപിച്ചെത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദേശത്ത് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവവും അവര്‍ ചൂണ്ടിക്കാട്ടി. ''പഞ്ചാബ് പോലുള്ള അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണെന്നത് ലജ്ജാകരമാണ്,'' മലിവാള്‍ കൂട്ടിച്ചേര്‍ത്തു. സംഭവം പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.