ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നടത്തിയ അന്വേഷണത്തില്‍, പത്തിലൊന്ന് ഓപ്പറേഷനുകള്‍ നടക്കേണ്ട ദിവസമോ അതിന് മുന്‍പുള്ള ദിവസമോ റദ്ദാകുന്നതായി കണ്ടെത്തി. 24 മണിക്കൂര്‍ നോട്ടീസിലാണ് സുപ്രധാന സര്‍ജറികള്‍ മുടങ്ങുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഇത്തരത്തില്‍ റദ്ദാകുന്ന കേസുകളില്‍ 40% വരെ ഒഴിവാക്കാനാകുമായിരുന്നു. രോഗികള്‍ക്ക് സര്‍ജറി റദ്ദാകുകയോ മാറ്റിവെയ്ക്കുകയോ ചെയ്ത വിവരം 24 മണിക്കൂറിന് താഴെ സമയം ബാക്കിയുള്ളപ്പോള്‍ മാത്രമാണ് അറിയുന്നത്.
91 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ ഇലക്ടീവ് സര്‍ജറികളില്‍ നടത്തിയ പഠനത്തില്‍, 10% ഓപ്പറേഷനുകള്‍ പദ്ധതിയിട്ട ദിവസത്തിന് തലേന്ന് റദ്ദാകുന്നതായി കണ്ടെത്തി. പ്രീ-ഓപ്പറേഷന് അപ്പോയിന്റ്മെന്റിനിടെ 9% കേസുകള്‍ മാറ്റിവെയ്ക്കപ്പെടുന്നു. ദേശീയ തലത്തില്‍ ഈ കണക്കുകള്‍ ആവര്‍ത്തിച്ചാല്‍, ഏകദേശം 3 ലക്ഷം ഓപ്പറേഷനുകള്‍ റദ്ദാകുകയോ മാറ്റിവെയ്ക്കുകയോ ചെയ്യുന്നുവെന്ന് വിലയിരുത്തുന്നു.
ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം, 6 മില്ല്യണ്‍ രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്.
മെഡിക്കല്‍ കാരണങ്ങള്‍
രോഗികള്‍ എത്താതെ പോകല്‍
ഓപ്പറേഷന് ലിസ്റ്റില്‍ ആളുകൂടല്‍
എമര്‍ജന്‍സി അഡ്മിഷന്
ഇവയാണ് സര്‍ജറി മാറ്റാന്‍ പ്രധാന കാരണങ്ങള്‍. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്, ഇത്തരം പ്രശ്നങ്ങള്‍ 5 ദിവസം മുന്‍പ് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ഓപ്പറേഷന് മുന്നോട്ട് കൊണ്ടുപോകുകയോ, സ്ലോട്ട് മറ്റൊരു രോഗിക്ക് നല്‍കുകയോ ചെയ്യാന്‍ സാധിക്കുമെന്നാണ്.