ലണ്ടന്‍: ഡോസേജുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാക്കേജില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ബ്രിട്ടനില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാപ്രാലീഫ് 250 മി.ഗ്രാം ഗാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പോടെ മുന്‍കരുതലിന്റെ ഭാഗമായി മരുന്ന് നിര്‍മ്മാതാക്കളായ ഒമേഗ ഫാര്‍മ ലിമിറ്റഡ് ചില ബാച്ചുകള്‍ പിന്‍വലിച്ചതായി സ്ഥിരീകരിച്ചു.
നാപ്രോക്സെന് അടങ്ങിയ ഈ നോണ്‍-സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഡ്രഗ് (NSAID) സാധാരണയായി പേശി വേദന, സന്ധി വേദന, കഴുത്ത് വേദന, കൈ-കാലുകളില്‍ ഉണ്ടാകുന്ന വേദന, ആര്ത്ഥവസമയത്തെ വേദന എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.
ബി 51496, ബി 51497, ബി 51102 എന്നീ ബാച്ചുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി (MHRA) രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചത്:
ഈ ബാച്ചുകളിലെ മരുന്ന് കഴിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മരുന്നുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെടണം.
പ്രതിദിനം മൂന്ന് ഗുളികളില്‍ കൂടുതല്‍ കഴിക്കരുതെന്ന നിര്‍ദ്ദേശം പിന്‍വലിച്ച ബാച്ചുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതാണ് മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള പ്രധാന കാരണം.