അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. 2020-ല്‍ ബ്രിട്ടന് നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം £500 മില്യണ്‍ കവിയുന്ന കമ്പനികള്‍ക്ക് അതില്‍ £25 മില്യണ്‍ ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കുന്നു. പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ഇത് ബാധിക്കുന്നത്.
2025 മേയില്‍ ഒപ്പുവെച്ച യു.കെ.-യു.എസ് വ്യാപാരകരാറിനിടയിലും ഈ നികുതി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രസ്താവനകള്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിള്ളലുണ്ടാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തില്‍ ബ്രിട്ടന് ഇടപെടില്ലെന്ന് വ്യക്തമാക്കിയതും ബന്ധം മങ്ങിയതിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.
ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളും സമാനമായ ഡിജിറ്റല്‍ നികുതി നടപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ ടെക് കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് മുമ്പും വ്യക്തമാക്കിയിരുന്നു. ''ഈ നികുതികള്‍ അമേരിക്കന്‍ ടെക് കമ്പനികളെ ലക്ഷ്യമിട്ട് വിവേചനപരമായി രൂപകല്‍പ്പന ചെയ്തതാണ്. ഇത് അവസാനിക്കണം,'' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലും പറഞ്ഞിരുന്നു. ഡിജിറ്റല്‍ നികുതിയെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം യുഎസ്-യുകെ വ്യാപാരബന്ധത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.