|
സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇനി ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ല. കുറിപ്പടി ഇല്ലാതെ നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ മരുന്ന് നല്‍കിയാല്‍, ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിവരം നല്‍കാമെന്നും മന്ത്രി അറിയിച്ചു.
ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അതിനെതിരെയുണ്ടാകുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്. 2050 ഓടെ ഒരു കോടി ജനങ്ങളെ കൊല്ലുന്ന മഹാമാരിയായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇപ്പോള്‍ തിരിച്ചറിയുന്നില്ലെങ്കിലും സമീപ ഭാവിയില്‍ തന്നെ ഈ ദുരുന്തം നേരിടേണ്ടി വരും. ഇത് മുന്നില്‍ കണ്ടുള്ള മുന്‍കരുതലാണ് പുതിയ തീരുമാനമെന്നും മന്ത്രി. |