|
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
പി.സി ജോര്‍ജിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് എംപിമാര്‍ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. |