|
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റായതിനാല്‍ ജനപ്രിയ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കും. ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്നും ബജറ്റില്‍ പറയുന്നു.
അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉള്‍പ്പെടെ തുടര്‍ച്ചയായ ആറാം ബജറ്റ് അവതരണം നടത്തി മറ്റൊരു റെക്കോര്‍ഡ് കൈവരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് ഈ നേട്ടം ഇതിനു മുന്‍പ് കൈവരിച്ചത്.
ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മലാ സീതാരാമന്‍ തന്റെ മുന്‍ഗാമികളായ മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരുടെ തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച റെക്കോര്‍ഡുകള്‍ മറികടക്കും. ധനമന്ത്രി എന്ന നിലയില്‍ മൊറാര്‍ജി ദേശായി 1959-1964 കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. |