|
പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍, റെയില്‍വേ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ ഇതില്‍ സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ പിഴയും ചുമത്തും. ഇതിനുപുറമെ നാലുവര്‍ഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നതിന് ഈ സ്ഥാപനങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തും. |