Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി; ഈ കേസ് മാറ്റിവയ്ക്കുന്നത് 38ാം തവണ
Text By: Team ukmalayalampathram
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ അപ്പീലില്‍ ഇതുവരെയും നോട്ടിസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍, തുടര്‍ച്ചയായി രണ്ടു ദിവസം വാദം കേള്‍ക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോള്‍ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

കേസില്‍ സിബിഐക്ക് താത്പര്യമില്ലെന്ന് വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ് വി രാജു അറിയിച്ചത്. കേസ് വാദത്തിനെടുക്കുന്നതില്‍ സിബിഐക്കു താല്‍പര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല പറഞ്ഞു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചവരുടെ ഹര്‍ജികളുമാണ് സുപ്രീം കോടതിയിലുള്ളത്.
 
Other News in this category

 
 




 
Close Window