|
കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ രോഷമാണ് ഡല്‍ഹിയില്‍ ഉയരുകയെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും. കേരളത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമായതിനാലാണ് ഇത്തരമൊരു സമരമുറ അവലംബിക്കേണ്ടി വന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഏടായി സമരം മാറുമെന്ന് സിപിഎം അവകാശപ്പെട്ടു.
ധനകാര്യ കമ്മീഷന്‍ ഫണ്ടിംഗിന്റെ 20 ശതമാനത്തില്‍ താഴെയാണ് ഗ്രാന്റുകളും സമാന വിഹിതങ്ങളും ലഭിക്കുന്നതെന്നും 80% നികുതിയില്‍ നിന്നാണെന്നും വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിഹിതം പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് ഉണ്ടായിരുന്ന 3.8 ശതമാനത്തില്‍ നിന്ന് 14-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.5 ശതമാനമായി കുറച്ചു. 15-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് ഇത് 1.9% ആയി കുറഞ്ഞതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി |