|
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. അബുദാബി സന്ദര്‍ശനത്തിനു ശേഷമാകും കൂടിക്കാഴ്ച. ഖത്തറില്‍ തടവിലായിരുന്ന 8 ഇന്ത്യന്‍ നാവികരെ വിട്ടയയ്ക്കാന്‍ അമീര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാന്‍ ഖത്തര്‍ തയാറായതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഖത്തര്‍ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. 13ന് യുഎഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസമാണ് ഖത്തറില്‍ എത്തുക. വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ അമീറുമായി വിശദമായി ചര്‍ച്ച നടത്തും. ഒന്നര വര്‍ഷത്തോളമായി ഖത്തറില്‍ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്. |