|
കൊടുംചൂടില്‍ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. അടുത്ത ദിവസം വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകള്‍ യെല്ലോ അലര്‍ട്ടിലാണ്. ഇവിടെ 36 ഡിഗ്രി വരെ ചൂടുകൂടിയേക്കും.
തിങ്കളാഴ്ച ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.6 മുതല്‍ 2.9 ഡിഗ്രി വരെ ചൂടുയര്‍ന്നു. ആലപ്പുഴയില്‍ 2.9 ഡിഗ്രി വരെ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. അന്തരീക്ഷ താപനിലയില്‍ നാല് ഡിഗ്രി വരെ വര്‍ദ്ധനവുണ്ടായിക്കഴിഞ്ഞു.
ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഫണ്ട് അനുവദിച്ചു. ഇത് തനത് ഫണ്ടില്‍ നിന്നോ വികസന ഫണ്ടില്‍ നിന്നോ ചിലവഴിക്കാം. മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം, നഗരസഭകള്‍ക്ക് 12 ലക്ഷം, കോര്‍പറേഷനുകള്‍ക്ക് 17 ലക്ഷം എന്നിങ്ങനെ ചിലവിടാന്‍ അനുവാദമുണ്ട്. ജൂണ്‍ മാസം വരെ 12, 17, 22, ലക്ഷം രൂപ എന്ന നിലയില്‍ ചിലവഴിക്കാം. |