'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് എന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കെ. സുധാകരനുണ്ട് - വി.ഡി സതീശന്റെ പ്രതികരണം
Text By: Team ukmalayalampathram
കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വരാന്‍ വൈകിയതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അസഭ്യപദപ്രയോഗം നടത്തിയ സംഭവത്തില്‍ മാധ്യമങ്ങളെ പഴിചാരി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വലിയ വാര്‍ത്താ ആക്കാനുള്ളതൊന്നും സംഭവിച്ചിട്ടില്ല. കാത്തിരുന്നു കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകും. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളത്. 'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
കെപിസിസി അധ്യക്ഷന്‍ തനിക്ക് വേണ്ടി ഒരുപാട് സമയം കാത്തുനിന്നു. വൈഎംസിഎയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്‍പം വൈകി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ വളച്ചൊടിക്കേണ്ടതില്ലെന്ന് സതീശന്‍ പറഞ്ഞു. നിങ്ങള്‍ (മാധ്യമങ്ങള്‍) വരുമ്പോള്‍ ക്യാമറാമാനെ കണ്ടില്ലെങ്കില്‍ ഇതേവാക്കുകളില്‍ തന്നെ പ്രതികരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കെ.സുധാകരനും സമാനമായ പ്രതികരണമാണ് വിഷയത്തില്‍ നടത്തിയത്.
'പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല,
മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി
അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല,സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഞാന്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്. എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്. മാധ്യമങ്ങള്‍ ആണ് വിവാദം ഉണ്ടാക്കിയത്, അവര്‍ മാപ്പുപറയണം'- കെ.സുധാകരന്‍ പറഞ്ഞു.