|
രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2.32 കിലോമീറ്റര്‍ നീളമുള്ള സുദര്‍ശന്‍ സേതു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേഡ് പാലമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രസിദ്ധമായ ദ്വാരകാധീശ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി.
സുദര്‍ശന്‍ സേതു തന്റെ കൈകളിലൂടെ സാധ്യമാക്കാന്‍ വിധിക്കപ്പെട്ടത് ഭഗവാന്‍ കൃഷ്ണന്റെ നിയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
2014ല്‍ നിങ്ങളെല്ലാവരും എന്നെ അനുഗ്രഹിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചപ്പോള്‍, രാജ്യത്തെ കൊള്ളയടിക്കുന്നതില്‍ നിന്ന് രക്ഷിക്കുമെന്ന് ഞാന്‍ വാക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന എല്ലാ അഴിമതികള്‍ക്കും ഞാന്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടു, ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന നിര്‍മ്മാണ വിസ്മയങ്ങള്‍,'' പ്രധാനമന്ത്രി മോദി പറഞ്ഞു.
1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പാനലുകള്‍ക്കൊപ്പം ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച കാല്‍നട പാതയും പാലത്തിന്റെ പ്രത്യേകതയാണ്.
ആദ്യം സിഗ്‌നേച്ചര്‍ പാലം എന്നാണ് പേരുനല്‍കിയിരുന്നത്. പിന്നീട് സുദര്‍ശന്‍ സേതുവെന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിരിക്കും ഇതെന്ന് 2017ല്‍ പാലത്തിന് തറക്കല്ലിട്ടുകൊണ്ട് മോദി വ്യക്തമാക്കിയിരുന്നു. |