|
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഇതോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും ബുധനാഴ്ച 11 മണി മുതല്‍ ഉച്ചവരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. പിന്നീട് 10ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനിടയില്‍ റോഡ് ഷോ നടത്താനും സാധ്യതയുണ്ട്.
_27 ന് രാവിലെ_യാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാല്‍ തന്നെ പുലര്‍ച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എയര്‍പോര്‍ട്ട് - ശംഖുമുഖം - കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍സെയിന്‍സ് - പേട്ട - ആശാന്‍ സ്‌ക്വയര്‍ - പാളയം - സ്റ്റാച്യൂ - പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല. |