|
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയര്‍ത്തി. കേസില്‍ പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 1 മുതല്‍ 5വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ടിപിയുടെ ഭാര്യ കെ കെ രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ കെ കെ രമ ഹര്‍ജി നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്‌നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഹര്‍ജി. |