|
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് നായര്‍ ഉള്‍പ്പെടെ നാല് പേരുടെ പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേര്‍.
ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ (VSSC) നടന്ന ചടങ്ങിലാണ് പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രികരുടെ കുടുംബവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാലക്കാട് നെന്മാറ സ്വദേശി ബാലകൃഷ്ണന്‍ നായരുടെ മകനാണ് പ്രശാന്ത്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് ഇദ്ദേഹം. |