Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ കാലാവസ്ഥ ബോംബ്, യുകെയില്‍ വെള്ളപ്പൊക്ക ഭീഷണി
reporter

ഗ്ലാസ്‌ഗോ: മണിക്കൂറില്‍ 113 മുതല്‍ 129 വരെ കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ആഷ്ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സ്‌കോട്‌ലന്‍ഡ് ജാഗ്രതയില്‍. ഞായറാഴ്ച മുതല്‍ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങള്‍ക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ട്. 'കാലാവസ്ഥാ ബോംബ്' എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 24 മില്ലിബാര്‍ മര്‍ദ്ദം കുറയുന്നതിനെ പരാമര്‍ശിക്കുന്ന 'ബോംബോജെനിസിസ്' എന്ന യുഎസ് പദത്തില്‍ നിന്നാണ് 'വെതര്‍ ബോംബ്' എന്ന പദം ഉടലെടുത്തത്. ശനിയാഴ്ച രാത്രി അറ്റ്‌ലാന്റിക്കില്‍ നിന്ന് നീങ്ങുമ്പോള്‍ വേഗം കുറയുന്ന മര്‍ദ്ദം ഉയര്‍ന്ന സ്പ്രിങ് വേലിയേറ്റങ്ങളുമായി പൊരുത്തപ്പെട്ടാണ് ശക്തമായ കാറ്റിന് ഇടയാക്കുന്നത്. വടക്ക് അര്‍ഗൈല്‍ മുതല്‍ കേപ് വ്രാത്ത് വരെയുള്ള പ്രദേശത്ത് വൈദ്യുതി മുടങ്ങാന്‍ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തുടനീളം യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. സ്‌കോട്‌ലന്‍ഡിനു പുറമേ വടക്കന്‍ അയര്‍ലന്‍ഡിലും വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ചില ഭാഗങ്ങളിലും കാലാവസ്ഥ മോശമാകും. സ്‌കോട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച കാറ്റിന്റെ തീവ്രത അനുഭവപ്പെടും. വടക്കന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ചയും പ്രതികൂല കാലാവസ്ഥ പ്രവചിക്കുന്നുണ്ട്. യുകെയിലെ പരിസ്ഥിതി ഏജന്‍സികള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പോര്‍ട്‌സ്മൗത്തില്‍ ഞായറാഴ്ച നടത്താനിരുന്ന 10 മൈല്‍ മാരത്തണ്‍ (ഗ്രേറ്റ് സൗത്ത് റണ്‍) പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ റദ്ദാക്കി. സ്‌കോട്‌ലന്‍ഡിലെ പ്രധാന ട്രെയിന്‍ സര്‍വീസ് ആയ സ്‌കോട്‌റെയില്‍ അബര്‍ഡീന്‍ - ഡണ്ടി, വെസ്റ്റ് ഹൈലാന്‍ഡ് ലൈന്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ മെയിന്റനന്‍സ് ടീമുകള്‍ അധിക പരിശോധന നടത്തും.

സ്‌കോട്‌ലന്‍ഡിലെ ഞായറാഴ്ചത്തെ ചില ഫെറി സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. അര്‍ഡ്രോസന്‍ - ബ്രോഡിക്ക്, ട്രൂണ്‍ - ബ്രോഡിക്ക്, ഒബാന്‍ - കാസില്‍ബേ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പെട്ടെന്നുള്ള അറിയിപ്പില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. യാത്രക്കാര്‍ തങ്ങളുടെ ഫെറിയുടെ സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. നോര്‍ത്ത് ലാനാര്‍ക്ഷെയറിലെ ചാപ്പല്‍ഹാളിനടുത്തുള്ള എം8 മോട്ടോര്‍വേയിലെ ലോംഗക്രേ പാലത്തിന്റെ പ്രധാന വാരാന്ത്യ ജോലികള്‍ ഒക്ടോബര്‍ 25 മുതല്‍ 28 വരെ മാറ്റിവച്ചു. എ83 റോഡ് കനത്ത മഴയെ തുടര്‍ന്ന് അടച്ചേക്കും. എന്നാല്‍ ആര്‍ഗില്‍, ഓള്‍ഡ് മിലിട്ടറി റോഡ് തുറന്നേക്കും. കാറ്റു പിടിക്കാന്‍ സാധ്യതയുള്ള ഗാര്‍ഡന്‍ ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നീക്കണമെന്നത് ഉള്‍പ്പെടെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

 
Other News in this category

 
 




 
Close Window