Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ഒറ്റ ദിവസം മുപ്പതിലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി, എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ബിസിഎഎസ്
reporter

മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ വിവിധ എയര്‍ലൈന്‍സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. എയര്‍ലൈന്‍സ് സിഇഒമാരും പ്രതിനിധികളും പങ്കെടുത്ത മീറ്റിംഗില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ശനിയാഴ്ച മാത്രം 30 ലധികം വിമാനങ്ങള്‍ക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയുടെ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇന്ത്യന്‍ എയര്‍ലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒരു വിമാനത്തിന്റെ ലാവറ്ററിയില്‍ നിന്നും വിമാനത്തില്‍ ബോംബുണ്ടെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി. ഭീഷണികള്‍ പലതും വ്യാജമാണെന്ന് പിന്നീടുള്ള പരിശോധനയില്‍ തെളിഞ്ഞു. വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണികള്‍ പുറപ്പെടുവിച്ച എക്സിന്റെ ചില ഹാന്‍ഡിലുകള്‍ ഡിആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വിസ്താരയുടെ യുകെ 106 (സിംഗപ്പൂര്‍ മുതല്‍ മുംബൈ വരെ), യുകെ 027 (മുംബൈ മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്), യുകെ 107 (മുംബൈ മുതല്‍ സിംഗപ്പൂര്‍), യുകെ 121 (ഡല്‍ഹി മുതല്‍ ബാങ്കോക്ക്), യുകെ 131 (മുംബൈ മുതല്‍ കൊളംബോ വരെ) എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. ഉദയ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര ഫ്‌ലൈറ്റ് യുകെ 624 സംബന്ധിച്ചും സുരക്ഷാ ആശങ്കയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലാന്‍ഡിംഗിന് ശേഷം നിര്‍ബന്ധിത പരിശോധനകള്‍ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.

ആകാശ എയറിന്റെ QP 1323 (ബെംഗളൂരു മുതല്‍ ഗുവാഹത്തി വരെ), QP 1371 (ഗോവ മുതല്‍ മുംബൈ വരെ), QP 1373 (ബാഗ്ഡോഗ്ര മുതല്‍ ബെംഗളൂരു വരെ), QP 1385 (മുംബൈ മുതല്‍ ബാഗ്ഡോഗ്ര), QP 1405 (ഹൈദരാബാദില്‍ നിന്ന് ഡല്‍ഹി വരെ) എന്നീ അഞ്ച് വിമാനങ്ങള്‍ക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്. അഞ്ചു വിമാനങ്ങളും സമഗ്രമായ പരിശോധനക്ക് ശേഷം വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. അഞ്ച് വിമാനങ്ങള്‍ക്ക് ലഭിച്ച ഭീഷണിയുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയും പ്രസ്താവനയിറക്കിയിരുന്നു. 6E17 (മുംബൈ മുതല്‍ ഇസ്താംബൂള്‍ വരെ), 6E11 (ഡല്‍ഹി മുതല്‍ ഇസ്താംബുള്‍ വരെ), 6E184 (ജോധ്പൂര്‍ മുതല്‍ ഡല്‍ഹി വരെ), 6E108 (ഹൈദരാബാദ് മുതല്‍ ചണ്ഡിഗഡ്), 6E58 (ജിദ്ദയില്‍ നിന്ന് മുംബൈ വരെ) എന്നിവയായിരുന്നു ഇന്‍ഡിഗോയുടെ സുരക്ഷാ ഭീഷണി നേരിട്ട വിമാനങ്ങള്‍. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ അലയന്‍സ് എയര്‍ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന്, പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും വിവരമറിയിച്ചിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടിരിക്കുകയാണ് എന്നും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. സുരക്ഷാ ഭീഷണി നേരിട്ട വിമാനങ്ങള്‍ ഐസൊലേഷന്‍ ബേകളിലേക്ക് മാറ്റുകയും സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യേണ്ടതിനാല്‍ വിമാനത്താവളങ്ങളിലെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടി. വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തടയാന്‍ കുറ്റവാളികളെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

 
Other News in this category

 
 




 
Close Window