ലണ്ടന്‍: ഇന്‍സ്റ്റഗ്രാമില്‍ 'സമ്പന്ന ബാലനായി' സ്വയം പ്രഖ്യാപിച്ച ബ്രിട്ടിഷ് യുവാവ് ജാക്ക് വാട്കിന് (25) കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതിന് അറസ്റ്റിലായി. 'ബ്രിട്ടിഷ് കര്‍ദാഷിയന്‍സ്' എന്നാണ് ഇയാള്‍ സ്വന്തം കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത്. 2016-ല്‍ പിതാവിന് സ്വകാര്യ ജെറ്റും, റോള്‍സ് റോയ്സ്, ബെന്റിസ്, മെഴ്സിഡസ് ബെന്‍സ്, പോര്‍ഷെ, റേഞ്ച് റോവര്‍ തുടങ്ങിയ സൂപ്പര്‍ കാറുകളും ഉണ്ടെന്നവകാശപ്പെട്ടാണ് ജാക്ക് പ്രശസ്തയിലേക്ക് എത്തിയത്. ഇത് ജാക്കിന് ടിവി ഷോകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നതിന് കാരണമായി.
''എന്റെ ജീവിതം മറ്റ് കൗമാരക്കാരില്‍ നിന്ന് വ്യത്യസ്തമാണ്, കാരണം ഞാന്‍ വളരെ ഭാഗ്യവാനാണ്. എനിക്ക് ജോലിയെക്കുറിച്ച് വിഷമിക്കേണ്ടതില്ല, എനിക്ക് പരിധിയില്ലാത്ത സ്വത്തുണ്ട്. പക്ഷേ എന്റെ ജീവിതം എളുപ്പമല്ല. ഈ നല്ല കാര്യങ്ങളെല്ലാം എനിക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ എന്റെ അച്ഛന് വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്,'' എന്നായിരുന്നു പ്രശസ്തിയിലേക്ക് ഉയര്‍ന്നപ്പോള്‍ ജാക്ക് പറഞ്ഞത്. എന്നാല്‍, ജാക്ക് മുന്‍പും കേസില്‍ പ്രതിയായിരുന്നു. ചെഷയര്‍ പൊലീസ് പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. മാക്ലെസ്ഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 19 ന് ചെസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു. നവംബര്‍ 18 ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഇനി പ്രതിയെ ഹാജരാക്കുക.