ലണ്ടന്‍: യുകെയിലേക്ക് വരുന്ന വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. വംശവെറി ഉയരുന്നതും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതുമാണ് ആരോഗ്യ മേഖലയിലെ വിദേശ ജീവനക്കാരുടെ വരവ് കുറയാന്‍ കാരണമായത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ യുകെയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് നേടി രജിസ്റ്റര്‍ ചെയ്തത് 6,321 നഴ്സുമാരും മിഡ്വൈഫുമാരുമാണ്. 2024-ലെ ഇതേ കാലയളവില്‍ 12,543 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, രാജ്യം വിടുന്ന വിദേശ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായി നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട വര്‍ക്ക്ഫോഴ്സ് ഡാറ്റ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ക്ഷാമം നേരിടുന്ന എന്‍എച്ച്എസിന് ഈ പ്രവണത കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പിനിടെയാണ് വിദേശ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. അന്താരാഷ്ട്ര നഴ്സുമാരെയും മിഡ്വൈഫുമാരെയും റിക്രൂട്ട് ചെയ്യാനും, നിലനിര്‍ത്താനും ബുദ്ധിമുട്ടുന്നതായി കിംഗ്സ് ഫണ്ട് തിങ്ക് ടാങ്കിലെ എന്‍എച്ച്എസ് വര്‍ക്ക്ഫോഴ്സ് വിദഗ്ധ സൂസി ബെയ്ലി പറഞ്ഞു.
വിദേശ ഡോക്ടര്‍മാരും ഇതേ നിലപാട് പുലര്‍ത്തുന്നുവെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമാണ് എന്‍എംസിയുടെ കണ്ടെത്തലുകളും. ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ 'ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍' അപേക്ഷിക്കാനായി വിദേശ ജോലിക്കാര്‍ക്ക് ആവശ്യമായ താമസകാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം യുകെയെ ഉപേക്ഷിക്കാനുള്ള പ്രധാന കാരണങ്ങളായി എന്‍എച്ച്എസ് സ്റ്റാഫ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു