Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 5)
Kaipuzha Jayakumar

'' ശ്ശൊ.. മുഴുവന്‍ തിളച്ച് തൂവിപ്പോയേനേ.. പാല് പോണതോ പോകട്ടെ, എല്ലാംകൂടി തിളച്ച് ഗ്യാസ് സ്റ്റൗവിലേക്കു വീണാല്‍ എന്തായിരിക്കും സ്ഥിതി. ഇതുപോലെയൊക്കെയായിരിക്കും ഓരോ അപകടങ്ങള്‍ വരുന്നത്...'' സൗമ്യ അരോടിന്നില്ലാതെ പറഞ്ഞു. ഗ്യാസ് സ്റ്റൗവിന്റെ നോബ് തിരിച്ചു. നീല ജ്വാല മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. എല്ലാ കാര്യത്തിനും എന്നെ ഉപദേശിക്കുന്നയാളാ ശ്യാമള. ലൈറ്റോ ഫാനോ ആവശ്യമില്ലാതെ തെളിഞ്ഞു കിടന്നാല്‍ അപ്പോഴുണ്ട് ഉപദേശം. ഓടി വന്ന് ഓഫാക്കുകയും ചെയ്യും. ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ ഓണ്‍ ചെയ്യുമ്പോള്‍ മിക്‌സിയോ െ്രെഗന്‍ഡറോ ഓണാക്കാന്‍ സമ്മതിക്കാറില്ല. ഫ്രിഡ്ജ് പോലും ഓഫാക്കും. രമണേട്ടന്‍ ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ ഗെയ്റ്റിലെ ലൈറ്റ് അവള്‍ ഓഫാക്കിയിരിക്കും. ഇത്തിരിനേരംകൂടി ലൈറ്റ് കിടന്നോട്ടെ എന്നു പറഞ്ഞാല്‍ വെറുതെ എന്തിനാ ചേച്ചീ കറന്റ് കത്തിച്ചു കളയുന്നതെന്നായിരിക്കും മറുപടി. ആ ശ്യാമളയാണ് ഗ്യാസടുപ്പില്‍ പാലു വച്ചിട്ട്... നീരുവന്ന കാലുകളെ ഇളക്കിയെടുത്ത് സൗമ്യ അടുക്കളവാതിലും കടന്ന് അരകല്ലിന്റെ ചുവട്ടിലെ ടാപ്പിനരികെയെത്തി ഒരു നിമിഷം നിന്നു. ടാപ്പിനു കീഴെ ചിതറിക്കിടക്കുന്ന എച്ചില്‍ കഷണങ്ങളുടെ മീലെ ഉറുമ്പിന്‍കൂട്ടങ്ങള്‍. അവയില്‍ ചിലത് സൗമ്യയുടെ നീരുവന്നു വീര്‍ത്ത വലതു കാലില്‍ കടിച്ചു. ഇടതുകാല്‍കൊണ്ട് തുടച്ചപ്പോള്‍ അതിലും പിടുത്തമിട്ടു. '' ഹൊ...'' അവള്‍ വായ് തുറന്നുപോയി. തട്ടിക്കുടഞ്ഞ് സൗമ്യയുടെ അരികിലേക്കു നടന്നു. ശ്യാമള ഛര്‍ദ്ദിച്ചു. ഒന്നല്ല മൂന്നു തവണ. കൊഴുകൊഴുത്ത മഞ്ഞ വെള്ളം കുറേ പോയി. മതിവരാഞ്ഞിട്ട് വീണ്ടും ഓക്കാനിച്ചു. പോക്കുവെയില്‍ അവളെ പൊതിഞ്ഞു നില്‍ക്കുകയാണ്. വെയിലിന്റെ ചൂടും ഛര്‍ദ്ദിയുടെ അവശതയും അവളുടെ കറുത്ത നൈറ്റി വിയര്‍പ്പില്‍ കുതിര്‍ത്തു. സൗമ്യയുടെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഛര്‍ദ്ദിയുടെ നാറ്റം മൂക്കു പൊള്ളിക്കുന്നു. സൗമ്യക്കും മനം പിരട്ടലുണ്ടായി. അവള്‍ ഒരു വിധത്തില്‍ അടക്കിപ്പിടിച്ചു. ''ങും.. എന്തുപറ്റി. പതിവില്ലാതെ നീ എന്താ കഴിച്ചത്...? '' നീട്ടിത്തുപ്പി, മൂക്കു ചീറ്റിയിട്ട് സൗമ്യ ചോദിച്ചു. ഒന്നുമില്ലെന്നു പറഞ്ഞ് ശ്യാമള നടുവിനു കൈകൊടുത്ത് എഴുന്നേറ്റു. മഞ്ഞ നിറമുള്ള ടാപ്പു തുറന്ന് കൈക്കുമ്പിളില്‍ വെള്ളം നിറച്ച് മുഖത്തേയ്ക്കു തെറുപ്പിച്ചു. ബാത്ത്‌റൂമുിനോടു ചേര്‍ന്നു കിടക്കുന്ന മുരിങ്ങക്കൊമ്പില്‍ തടിയന്‍ കാക്ക വന്നിരുന്ന് കരഞ്ഞു. അധികം വൈകാതെ എണ്ണക്കറുപ്പുള്ള മറ്റൊന്നുകൂടി പറന്നെത്തി... ഇണയാകും... രണ്ടുംകൂടി കൊക്കുരുമ്മിക്കളിച്ചു. ചിറകടിയുടെ ശബ്ദം. ശ്യാമള നന്നായിട്ടു മുഖം കഴുകി. കണ്ണു രണ്ടും തുറന്നുപിടിച്ച് കുറച്ച് വെള്ളംകൂടി മുഖത്തേയ്ക്ക് തെറുപ്പിച്ചിട്ട് നെടുവീര്‍പ്പിട്ടു. '' ഡോക്റ്ററെ കാണണോ...? ഞാന്‍ ഓട്ടോ വിളിക്കാം....'' ''വേണ്ട... ഇത്തിരിക്കഴിയുമ്പോള്‍ മാറിക്കോളും...'' അവള്‍ കിതച്ചുകൊണ്ടുപറഞ്ഞു. '' പനിയുണ്ടോ..? ഇപ്പോള്‍ പലയിടത്തും ഓരോ അഴുക്കു പനികളാ. വന്നുകൂടിയാല്‍പ്പിനെ ചുറ്റിയതു തന്നെ... '' ശ്യാമളയുടെ നെറ്റിയില്‍ കൈവച്ചുനോക്കിക്കൊണ്ട് സൗമ്യ പറഞ്ഞു. '' ഏയ് ചൂടില്ല...'' സൗമ്യ പറഞ്ഞു. '' ചൂട് ഉള്ളിലാ ചേച്ചീന്ന് പറയണമെന്ന് ശ്യാമളയ്ക്കു തോന്നി. അവളുടെ മനസ് ഒരു നെരിപ്പെടായിക്കഴിഞ്ഞിരുന്നു. ഉദരത്തില്‍ ജീവന്റെ ഉറവപൊട്ടിയ നിമിഷത്തെ അവള്‍ ശപിച്ചു. സൗമ്യച്ചേച്ചിക്ക് ഒന്നും മനസിലാകാത്തതു ഭാഗ്യം... പക്ഷേ, എത്ര നാള്‍ തനിക്കിത് ഒളിച്ചുവയ്ക്കാന്‍ സാധിക്കും. എവിടെയാണു പിഴവു പറ്റിയത്...? '' ഓട്ടോ വിളിക്കട്ടെ... ബാലചന്ദ്രന്‍ ഡോക്റ്ററെ വീട്ടില്‍പ്പോയി കണ്ടിട്ടു പോരാം. ഇന്‍ജക്്ഷനെടുക്കുമ്പോള്‍ എല്ലാം മാറിക്കോളും...'' '' വേണ്ട ചേച്ചീ വേണ്ട.... അയ്യോ ഞാന്‍ പാല് ഗ്യാസില്‍ വച്ചിട്ടാ പോന്നത്... തിളച്ചുപോയിക്കാണും. പെടെടെന്ന് തലയ്ക്കകത്തു പെരുപ്പു കയറിയപ്പോള്‍ ഇങ്ങോട്ട് ഓടിപ്പോന്നതാ.....'' '' അതു സാരമില്ല... ഞാന്‍ വാങ്ങിവച്ചു...'' സൗമ്യ സമാധാനിപ്പിച്ചു. ഗെയ്റ്റിനടുത്ത് ഓട്ടോറിക്ഷ വന്ന് ഇരമ്പി നിന്നു. രമണേട്ടന്‍ ഇന്ന് നേരത്തേയാണല്ലോ. സൗമ്യ ഓര്‍ത്തു. ശ്യാമള അടുക്കളയിലേക്കു കയറി. സൗമ്യ വീടു ചുറ്റി. സിറ്റൗട്ടിനരികിലേക്കു നടന്നു. '' ഇന്നെന്താ പെട്ടെന്നിങ്ങു പോന്നത്..? അതും പതിവിലും നേരത്തെ..? സൗമ്യ സിറ്റൗട്ടിലേക്കു തളര്‍ന്നിരുന്നു. '' ഈ വയറും വച്ചോണ്ട് നീ എന്തിനാ ഇങ്ങനെ ഇറങ്ങിനടക്കുന്നത്...?'' '' ഓ.. സാരമില്ല.. അല്ല, രമണേട്ടന്‍ എന്താ നേരത്തേ വന്നത്...? '' ഓട്ടോ ഒത്തു കിട്ടിയപ്പോള്‍ ഇങ്ങു പോന്നതാ... ഓട്ടോച്ചാര്‍ജ്ജ് ഫിഫ്റ്റി ഫിഫ്റ്റി... പിന്നെ... നല്ല രസികന്‍ കരിമീന്‍ കിട്ടയപ്പോ ഒരു കിലോ വാങ്ങി.. നീ അങ്ങോട്ടു വറുത്തു കൂട്ട്... നമ്മുടെ കൊച്ച് തടിവയ്ക്കട്ടെടീ...'' കറുത്ത പ്ലാസ്റ്റിക്ക്കവര്‍ സൗമ്യയ്ക്കു നേരെ നീട്ടിക്കൊണ്ട് രമണന്‍ പറഞ്ഞു... രമണന്‍ ആളു വെജിറ്റേറിയനാണ്. മുട്ടപോലും കഴിക്കില്ല. എന്നാല്‍ സൗമ്യയ്ക്ക് ഇഷ്ടമായതുകൊണ്ടു മീന്‍ എവിടെക്കിട്ടിയാലും എന്തു വിലകൊടുത്തും വാങ്ങും. പ്രത്യേകിച്ചു കരിമീന്‍. മീന്‍ പാചകം മാത്രം രമണനു വഴങ്ങുന്നില്ല. എങ്കിലും ശ്രമം ഉപേക്ഷിച്ചിട്ടില്ല... '' ആരു വെട്ടി കറിവയ്ക്കും...'' പ്ലാസ്റ്റിക് കവര്‍ വാങ്ങിക്കൊണ്ടു സൗമ്യ ചോദിച്ചു. '' ശ്യാമള എന്തിയേ...? രമണന്‍ ബെഡ്‌റൂമിലേക്കു കയറുമ്പോള്‍ ചോദിച്ചു. '' അവള്‍ക്കു ഛര്‍ദ്ദിലാ...'' '' ഓ അതാണോ കാര്യം... ഇത്തിരി അഷ്ടചൂര്‍ണം ചൂടു വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ ഏതു ഛര്‍ദ്ദിലാ പമ്പ കടക്കാത്തത്... അല്ലെങ്കില്‍ ഞാന്‍ അല്ലേ ഇവിടെയുള്ളത്. നീ ആ മീന്‍ ചട്ടിയിലോട്ട് ഇട്.. ശരിയാക്കാം....'' '' വേണ്ട വേണ്ട... കരിമീന്‍ സാമ്പാറോ കരിമീന്‍ അവിയലോ ഒക്കെയായിപ്പോകും... വയറും ചീത്തയാകും. കാശും പോകും...'' സൗമ്യ തമാശയായി പറഞ്ഞു. '' ഒരിക്കല്‍ അങ്ങനെപറ്റിപ്പോയെന്നുകരുതി...'' കള്ളിമുണ്ടും മുറിക്കയ്യന്‍ ബനിയനുമായി രമണന്‍ ഹാളിലെത്തി. '' ഇങ്ങോട്ട്... താ ചേച്ചീ. ഞാന്‍ വെട്ടിവയ്ക്കാം. വറുക്കണോ... അതോ കറിയോ...?'' ശ്യാമള കരഞ്ഞു വീര്‍ത്ത മുഖവുമായി വന്ന് മീന്‍ വാങ്ങി. '' എന്താണെന്നു വച്ചാല്‍ വേണ്ടതുപോലെ ചെയ്യ്... നീ കരഞ്ഞോ?'' '' ഏയ്... അന്നേരം ഛര്‍ദ്ദിച്ചതിന്റെയാ...'' മുഖംകൊടുക്കാതെ ശ്യാമള മീനുമായി വര്‍ക്ക് ഏരിയയിലേക്കു നീങ്ങി. രമണന്‍ ടിവി ഓണ്‍ ചെയ്തു. സൂര്യയില്‍ ദി കിങ്ങിന്റെ ക്ലൈമാക്‌സ്. തകര്‍പ്പന്‍ ഇടി. പെട്ടെന്ന് റിമോട്ടെടുത്ത് കുത്തി ചാനല്‍ മാറ്റി. '' എന്തിനാ അതു നിര്‍ത്തിയത്... നല്ല സ്റ്റണ്ട്.. സൗമ്യ അവനോടു ചേര്‍ന്നിരുന്നു പരിഭവിച്ചു. '' സ്റ്റണ്ട് കാണാന്‍ പറ്റിയ ഒരു സമയം... അല്ലെങ്കിലും പോലീസുകാരുടെ മക്കള്‍ക്ക് എപ്പോഴും തല്ലും വഴക്കുമാണ് ഇഷ്ടം... '' രമണന്‍ റിനോട്ടെടുത്ത് വീണ്ടും അമര്‍ത്തി. സണ്‍ ടിവിയില്‍ പുരാണച്ചിത്രം. കൗരവസഭയില്‍ പാഞ്ചാലീവസ്ത്രാക്ഷേപം... '' ഇതു കാണ്....'' അവള്‍ക്കു ദേഷ്യം വന്നു..അവള്‍ റിമോട്ടെടുത്ത് ചുമന്ന ബട്ടന്‍ അമര്‍ത്തി. ടിവിയില്‍ ഏഴു നിറങ്ങള്‍ വിരിഞ്ഞു. ഗ്രെയിന്‍സ് വന്നു നിറഞ്ഞു.. സൗമ്യ എഴുന്നേറ്റപ്പോള്‍ രമണന്‍ റിമോട്ടെടുത്തു വീണ്ടും കുത്തി. സണ്‍ ടിവി. സന്ധ്യക്കു വിളക്കു കൊളുത്തിയാല്‍ രമണന്‍ പൂജാമുറിയില്‍ കയറും. പിന്നെ അത്താഴത്തിനേ പുറത്തിറങ്ങൂ. നെറ്റിയിലും ദേഹത്തും ഭസ്മം പൂശി ചെവിയ്ക്കിടയില്‍ പൂവും തിരുകിയുള്ള വരവൊന്നു കാണേണ്ടതു തന്നെ. മുരുകസ്വാമി തന്റെ കണ്‍മുന്നില്‍ എത്തിയെന്നും ഏറെനേരം സംസാരിച്ചുവെന്നും തട്ടിവിട്ടുകളയും... ഡ്യൂട്ടിയില്ലാത്ത സന്ധ്യകള്‍ രമണന് ഹരമാണ്. അത്രയും സമയം പൂജാമുറിയില്‍ മുരുകസ്വാമിയുമായി കഴിയാമല്ലോ. സൗമ്യ ഗര്‍ഭിണിയായതോടെ പൂജയുടെ സമയം കൂടുകയും ചെയ്തു. സൗമ്യ അന്നു പതിവിലും നേരത്തെ കിടന്നു, ശ്യാമളയും രമണന്‍ കിടപ്പറയിലെത്തുമ്പോള്‍ സൗമ്യ പാതിമയക്കത്തിലാണ്. കിടക്ക കണ്ടപ്പോഴേ രമണന്‍ കൂര്‍ക്കം വലിച്ചു തുടങ്ങി. മൊബൈല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് സൗമ്യ കണ്ണു തുറന്നത്. അമ്മയാണ്. അവള്‍ കൈനീട്ടി മൊബൈലെടുത്ത് ചെവിയോടു ചേര്‍ത്തു. '' നീയെന്താ നേരത്തേ കിടന്നോ.. ?'' എന്തെങ്കിലും വിഷമമുണ്ടോ...'' സാവിത്രിയമ്മ ചോദിച്ചു. '' രമണേട്ടന്‍ നേരത്തേ വന്നു... ശ്യാമളയ്ക്കു വയ്യാത്തതുകൊണ്ട് അവള്‍ നേരത്തേ കയറിക്കിടന്നു. അല്ലെങ്കില്‍ ഞാനും അവളും കൂടിയിരുന്ന് സീരിയല്‍ എല്ലാം കാണുന്നതാ. രമണേനട്ടനെപ്പിന്നെ അതിനൊന്നും കിട്ടില്ലല്ലോ...'' സൗമ്യ കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു. '' അല്ലെങ്കിലും അധികം ഉറക്കമിളയ്‌ക്കേണ്ട. ഡേറ്റിങ്ങ് അടുത്തു. തകിട് അരയില്‍ത്തന്നെയുണ്ടല്ലോ... ഒരെണ്ണത്തിനും കൂടി പറഞ്ഞിട്ടുണ്ട്...'' '' അതിനി എവിടെ കെട്ടാനാ...? '' പറയുന്നതങ്ങു കേട്ടാമതി. തര്‍ക്കുത്തരം വേണ്ട...'' '' അച്ഛന്‍ കിടന്നോ...'' '' ടിവിയില്‍ കഥകളികാണുന്നു. അതിന്റെ ഒച്ചയെങ്കിലും ഇത്തിരി കുറച്ചു വച്ചിരുന്നെങ്കില്‍... ചെവിതല കേള്‍ക്കില്ല...'' '' അല്ല ശ്യാമള ഛര്‍ദ്ദിച്ചിട്ടും മരുന്നൊന്നും വാങ്ങിക്കൊടുത്തില്ലേ...?'' '' ഒന്നും വേണ്ടെന്നു പറഞ്ഞു. രമണേട്ടന്‍ വന്നപ്പോള്‍ അഷ്ടചൂര്‍ണം കലക്കിക്കൊടുത്തു. അതു കുടിച്ചു. കുറഞ്ഞില്ലെങ്കില്‍ നാളെ ഡോക്റ്ററെ കാണണം... പനിയുണ്ടോ?'' '' ഇല്ല. പക്ഷേ അവളുടെ മുഖവുമൊക്കെ വല്ലാതെ ചുവന്നാ ഇരിക്കുന്നത്....'' '' തലയിണയ്ക്കിടയില്‍ ഇരുമ്പു വല്ലതും വച്ചോണം... ഈ സമയത്തു പേടി കിട്ടിയാല്‍ തീര്‍ന്നു... നിന്റെ തലയിണയ്ക്കടിയില്‍ ഞാനൊരു പഴയ കത്തി വച്ചിട്ടുണ്ട്...'' '' ഈ അമ്മയുടെ കാര്യം... '' സൗമ്യ മെല്ലെ തലയിണയ്ക്കടിയില്‍ തപ്പിനോക്കി. '' അമ്മ പേടിക്കണ്ട.. അവിടെത്തന്നെ ഇരിപ്പുണ്ട്...'' സാവിത്രിയമ്മ ആശ്വാസത്തോടെ കിടന്നു. സൗമ്യ ബാത്ത്‌റൂമില്‍ പോയി മടങ്ങി വരുമ്പോഴും രമണന്‍ മലര്‍ന്നു കിടന്നു വായ് പിളര്‍ന്ന് കൂര്‍ക്കം വലിച്ച് മുന്നേറുകയാണ്. ഇത്തിര കഴിഞ്ഞപ്പോള്‍ വീണ്ടും സാവിത്രിയമ്മയുടെ കോള്‍ വന്നു. ഉറക്കച്ചടവോടെ സൗമ്യ ഫോണെടുത്തു. '' എന്നാ അമ്മേ... ശ്യാമള ഛര്‍ദ്ദിച്ചിട്ട് നിനക്കൊന്നും തോന്നിയില്ലേ... ഇല്ല... എന്നാല്‍ എനിക്കു ചിലതൊക്കെ തോന്നുന്നു... അവള്‍ ആളത്ര പാവമൊന്നുമല്ല. എത്രയും പെട്ടെന്ന് ഇരുചെവിയും അറിയാതെ പറഞ്ഞു വിടുന്നതാ ബുദ്ധി...'' '' അമ്മ പറയുന്ന പ്രശ്‌നമൊന്നും അവള്‍ക്കുണ്ടെന്ന് എനിക്കു തോന്നുന്നില്ല.... അവളെ എനിക്കു നല്ല വിശ്വാസമാ.... പിന്നെ രമണേട്ടനേയും അപ്പോള്‍...'' '' ഞാന്‍ രാവിലെ അങ്ങോട്ടു വരാം. എന്നിട്ടു തീരുമാനിക്കാ... വെച്ചേര്....'' ലൈന്‍ കട്ടായി. സൗമ്യയുടെ മനസില്‍ സംശയത്തിന്റെ ഉറവ പൊട്ടി. നാളെ അമ്മ വരുന്നതിനു മുമ്പ് ശ്യാമളയോട് എല്ലാം ചോദിച്ചറിഞ്ഞാലോ... എങ്ങനെ ചോദിക്കും... ചോദിക്കാതിരിക്കും. അവള്‍ കുഴങ്ങി... ഒടുവില്‍ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. മെല്ലെ എഴുന്നേറ്റു. ലൈറ്റ് തെളിച്ചില്ല. ഹാളില്‍ ചുവന്ന സീറോ ബള്‍ബു മാത്രം. ഹാളിലേക്കു കാലു കുത്തിയ സൗമ്യ പെട്ടെന്ന് ഉള്‍വലിഞ്ഞു... ശ്യാമള ഹാളിലെ ലാന്‍ഡ് ഫോണില്‍ നിന്ന് ആരെയോ വിളിച്ച് പതം പറഞ്ഞു പതം പറയുകയാണ്... (തുടരും)

 
Other News in this category

 
 




 
Close Window