Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികള്‍ക്കു തുടക്കം: വരികള്‍ മുഴുവന്‍ ആലപിച്ചില്ല
Text By: UK Malayalam Pathram
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പതിനാറാം കേരള നിയമസഭയുടെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പോലീസ് ബാന്‍ഡ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വന്ദേമാതരം മുഴുവനും വേണ്ട എന്ന നിര്‍ദേശം മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു.
നവകേരള നിര്‍മ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുന്‍ഗണന നല്‍കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.
യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള വലിയ ആശങ്കയാണ് പ്രസംഗത്തില്‍ ആദ്യം തന്നെ പരാമര്‍ശിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രതിസന്ധികളുണ്ടെങ്കിലും സര്‍ക്കാര്‍ സേവന മേഖലയില്‍ നിന്ന് പിന്മാറില്ല. ന്യായവും അര്‍ഹവുമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം.
ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി, അതിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും പ്രസംഗത്തില്‍ പറയുന്നു. പൊതുഗതാഗത രംഗത്ത് കെഎസ്ആര്‍ടിസിയിലെ സൌജന്യയാത്ര നയപ്രഖ്യാപനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പലം ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു സംയോജിത ബൃഹദ്പദ്ധതി നടപ്പാക്കും.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനവും സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളും യാഥാര്‍ത്ഥ്യമാക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ നിലവില്‍ വരും. സംസ്ഥാനത്ത് പ്രതിസന്ധിയായി തുടരുന്ന മനുഷ്യ-മൃഗ സംഘര്‍ഷ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window