Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
നോവല്‍
  Add your Comment comment
സ്വന്തം സ്വന്തം വീടുകള്‍
(ലേഖകന്‍ : സി. ഗണേഷ്)
വാണിജ്യനികുതി ആപ്പീസിലെ ഉദ്യോഗസ്ഥനായി വിരമിച്ച വെങ്കിടേശ നായിക്കിന്റെ വീട്ടുതിണ്ണയില്‍ ഏറെ നേരമായി ഒരാള്‍ കാത്തിരിക്കുന്നു. ഇതിനു മുമ്പ് കണ്ടു പരിചയമില്ലാത്ത മുഖം. വെങ്കിടേശനായിക് ഉച്ചയുറക്കത്തിലായിരുന്നു.
ആഗതന്‍ ഒന്നും മിണ്ടാതെ ചമ്രം പടിഞ്ഞിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ ചെരിഞ്ഞിരുന്ന് ഉറങ്ങാനും തുടങ്ങി.
വെങ്കിടേശ നായിക് ചായയോടൊപ്പം നാലുമണിപ്പലഹാരം കഴിക്കാനായി വന്നപ്പോള്‍ തിണ്ണയില്‍ ഒരാള്‍. ചിരപരിചിതനെപ്പോലെ.
'' ശ്.... എന്താ...?''
'' ഏയ് ഒന്നൂല്യ... ''
ആഗതന്റെ മറുപടി.
''ഛെന്താ വെറുതെ?''
നായിക്കിന്റെ ചോദ്യത്തില്‍ അല്‍പ്പം കനമുണ്ടായിരുന്നു.
''ഏയ് വെറുതെ....''
മറുപടിയില്‍ വ്യത്യാസമില്ല.
'' എന്നാ എഴുന്നേറ്റു പോ....''
ആഗതന്‍ തുറിച്ചു നോക്കി.
'' ഞാന്‍ പോലീസിനെ വിളിക്കും...''
വെങ്കിടേശ നായിക് ഭീഷണിപ്പെടുത്തി.
''ഞാന്‍ ഡയല്‍ ചെയ്തു തരണോ''
ആഗതന്‍ ഉടനെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്ത് നായിക്കിനു നേരെനീട്ടി.
വെങ്കിടേശ നായിക്കിന് ഉത്തരം മുട്ടി.
ഇതെന്തുകഥ.
ഇതെന്തു പൊല്ലാപ്പ്.
'' എടോ ഇതെന്റെ വീടാ. ഇവിടന്ന് എണീറ്റ് പോ...''
''ഹും, മനസില്ല...''
''ഹെന്ത് മനസില്ലെന്നോ? ദൈവേ... ഇതെന്തു കഷ്ടാ...''
'' ഇതേയ് ഞാന്‍ സമ്പാദിച്ച് ഞാന്‍ കെട്ടീണ്ടാക്കിയ വീടാ... അറിയ്വോ...?
''ഏയ് അറീല്ല്യ. ഇനി അറിയാണെങ്കിലും ഞാനിവിടുന്ന് തത്ക്കാലം പോകാനുദ്ദേശിക്കുന്നില്ല...''
വെങ്കിടേശനായിക് പരിക്ഷീണനായി. ജീവിതത്തില്‍ ഇന്നുവരെ ഇതുപോലൊരു പ്രതിസന്ധി നേരിട്ടിട്ടില്ല. അയാള്‍ ചോദിച്ചു.
'' ശരി... തനിക്കെന്താ വേണ്ടേ....?''
'' ഏയ് ഒന്നും വേണ്ട.... താങ്കള്‍ ഇനിയും താമസം തുടരുകയാണെങ്കില്‍ ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. അത്രമാത്രം...''
വെങ്കിടേശ നായിക് വല്ലാതായി. ഈ ഭ്രാന്തനൊപ്പം ഇത്രയും വലിയ വീട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ഇവിടെ നിന്നു പോകുന്നതാണ്.
വെങ്കിടേശ നായിക് വീട്ടില്‍ നിന്നിറങ്ങി.
ഒരു നിമിഷം ആഗതന്‍ അന്തംവിട്ടു. കൂടെ അവനും ഇറങ്ങി. ആഗതന്‍ മുന്നില്‍ നടന്നു. കൊച്ചുകുട്ടിയെപ്പോലെ പുറകെ നായിക്കും.
'' അല്ലാ.. നിങ്ങളാളു കൊള്ളാല്ലോ...''
ആഗതന്‍ വീണ്ടും സംസാരിച്ചു തുടങ്ങി.
''അതെന്താ''
വെങ്കിടേശ നായിക് അറിയാതെ ചോദിച്ചു.
'' നമുക്കു രണ്ടാള്‍ക്കും അവിടെ സുഖമായി കഴിയാമായിരുന്നു. ഞാന്‍ ഭീകരനൊന്നുമല്ല. ഒരു പാവമാ...''
'' നിന്റെ സൂത്രം എനിക്കു പിടികിട്ടി. അതല്ലേ ഞാനിറങ്ങി നടന്നത്. വേല മനസിലിരിക്കട്ടെ...''
നായിക്ക് പറഞ്ഞു.
'' ഓ നിങ്ങളധികമൊന്നും പറയണ്ട...''
''മനസിലായില്ല.... '' നായര്‍ക്കു ചൊടിച്ചു.
'' അതേയ്.. നിങ്ങളുടെ ബംഗ്ലാവുണ്ടല്ലോ... ശരിക്കാലോചിച്ചു നോക്ക്... അതു നിങ്ങളുടെ മാത്രമാണോ...?''
'' അങ്ങനെ ചോദിച്ചാല്‍....''
നായിക്കിന് എന്തു പറയണമെന്നു മനസിലായില്ല.
'' അല്ല... അതു തന്നെ. ഒപലരില്‍ നിന്നും പല കാരണം പറഞ്ഞ് പണം എണ്ണി വാങ്ങിയെങ്കിലും അതെല്ലാം ഒരിടത്തു തന്നെയല്ലേ ഇട്ടത്...?''
ഇവന്‍ എല്ലാം മനസിലാക്കിയിരിക്കുന്നു. ശരിതന്നെ അനധികൃതമായി ചിലതെല്ലാം. എല്ലാരും ചെയ്യുന്നതു തന്നെ. അതു താനും ചെയ്തു. വെങ്കിടേശ നായിക് ശബ്ദം ഉറപ്പിച്ചു.
'' എല്ലാം സമ്മതിക്കുന്നു... ചെയ്തതെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുണ്ടോ?''
വീണ്ടും ആഗതന്റെ ചോദ്യം.
'' ഉം.. ചെയ്തതെല്ലാം തെറ്റുതന്നെ...''
ആഗതന്‍ ഒട്ടും വേഗത കുറയ്ക്കാതെ മുന്നോട്ടു നടക്കുകയാണ്. വെങ്കിടേശനായിക്കിന് അയാളോടൊപ്പം നടക്കാനാവുന്നില്ല.
'' ഏയ് ചങ്ങാതീ... ഒന്നു പതുക്കെ...''
പുറകെ ഓടിക്കൊണ്ട് നായിക് വിളിച്ചു പറഞ്ഞു.
തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടക്കുകയാണ് അയാള്‍.
'' ദയവായി നില്‍ക്കൂ...''
നായിക്കിന്റെ ശബ്ദത്തില്‍ അപേക്ഷയായിരുന്നു.
'' ഈ വിജനമായ സ്ഥലത്ത് എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ സുഹൃത്തേ....
വെങ്കിടേശ നായിക് വിക്കിവിക്കിപ്പറഞ്ഞു.
'' തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ സ്ഥിതിക്ക് താനെന്തിന് എന്റെ പുറകെ വരണം...? തിരിച്ചുപോയാല്‍ തനിക്കു വീടെത്താമല്ലോ. ശല്യം ചെയ്യാന്‍ ഇനി ഞാന്‍ വരുന്നില്ല...''
'' തിരിച്ചുപോയാല്‍ ഞാന്‍ വീട്ടിലെത്തില്ല... അതിനാല്‍...''
നായിക്കിന് മുഴുമിക്കാനായില്ല.
'' അതിനു ഞാനെന്തുവേണം...?
വെങ്കിടേശ നായിക് അയാളുടെ അടുത്തേയ്ക്കു ചേര്‍ന്നു നിന്നു.
''എന്റെ വീട് കണ്ടെത്താന്‍ സഹായിക്കാമോ?''
ഇരുവരും കൈകോര്‍ത്തു നടന്നു നീങ്ങുമ്പോള്‍ ലോകത്തുള്ള എല്ലാ വീടുകളും വീട്ടുടമസ്ഥരെ പുച്ഛത്തോടെ നോക്കുകയായിരുന്നു...
 
Other News in this category

 
 




 
Close Window