Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
നോവല്‍
  Add your Comment comment
പ്രേമലേഖനം
കഥാകൃത്ത് : ഉജിയാബ്
എന്നും എനിക്ക് പ്രിയപ്പെട്ടവളേ.

ഇന്ന് ഈ കായല്‍ത്തീരത്ത് നിന്റെ മുഖത്തു നോക്കിയിരിക്കുമ്പോഴുള്ള സുഖം മുമ്പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.....

മുടിച്ചുരുളിന്റെ രൂപം കറുത്ത മഷിപോലെ മണല്‍പ്പരപ്പിലേക്കു പടരുന്നു....

എത്ര തവണ ഈ മനോഹരമായ ചിത്രത്തില്‍ ഞാന്‍ വിരലോടിച്ചിരിക്കുന്നു....

എപ്പോഴും എന്തിനിങ്ങനെ പിന്തുടരുന്നുവെന്ന് ഒരിക്കല്‍പ്പോലും ഞാന്‍ ചോദിച്ചിട്ടില്ല....

ഞാന്‍ മാത്രമല്ല. ലോകത്ത് ഒരാളും അങ്ങനെ ചോദിക്കാന്‍ വഴിയില്ല. കാരണം, നമ്മളുടെയെല്ലാം വിചാരം നമ്മളെല്ലാം മറ്റുള്ളവരെക്കാള്‍ നന്നായി ചിന്തിക്കാനും ആലോചിച്ചു പ്രവര്‍ത്തിക്കാനുമൊക്കെ കഴിവുള്ളവരാണ് എന്നാണല്ലോ.

കണ്‍മഷി കലങ്ങിയ പോലെ എന്നാണ് എന്റെ ഓര്‍മകളുടെ വെളിച്ചത്തിലേക്കു നീ പടര്‍ന്നത്...?

എപ്പോഴാണ് എന്റെ ചിന്തകളിലെ കരിപ്പാടുപോലെ നീണ്ടു നിവര്‍ന്നു നീ ചോദ്യം ചെയ്തു തുടങ്ങിയത്...?

അരുത്, എന്റെ പുറകെ വരരുതെന്ന് പിന്നെ ഞാന്‍ പറഞ്ഞു തുടങ്ങി...

എത്ര തവണ, ഏതൊക്കെ വിധം പറഞ്ഞൂ ഞാന്‍....

തീക്കൊള്ളിയുടെ തുമ്പത്തു തൊട്ടതുപോലെ നടുങ്ങി പലപ്പോഴും....

സത്യമിതൊന്നുമല്ലെന്ന് ഇപ്പോള്‍ ആരോ തിരുത്തുന്നതുപോലെ... അതായിരിക്കുമോ വാസ്തവം....?

നീ ഓര്‍ക്കുന്നുവോ....

നിന്നോടൊപ്പം എന്നും ഞാനുണ്ടായിരുന്നു. ഇന്നും അങ്ങനെയല്ലെന്നു പറയാന്‍ മനസ് അനുവദിക്കുന്നില്ല.

ഈ കാണായ പ്രപഞ്ചം നിന്നെ വെറുത്താലും ഒരു വാക്കിന്റെ മുനകൊണ്ടുപോലും വേദനിപ്പിക്കാന്‍ ഇനിയൊരു ജന്മത്തില്‍പ്പോലും എനിക്കാകുമെന്നു ഞാന്‍ കരുതുന്നില്ല.

എന്നും നാമൊന്നായിരുന്നു.

എനിക്കു നിന്നെയോ,

നിനക്ക് ഈ എന്നെയോ

എന്നെങ്കിലും....

ഒരു നിമിഷമെങ്കിലും....

പിരിഞ്ഞിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ....?

എന്റെ വേദനകള്‍ പെരുമഴയായി പെയ്തിറങ്ങിയ എത്രയോ യാമങ്ങളില്‍.... മണ്ണെണ്ണ വിളക്കിനൊപ്പം കൂട്ടിരുന്നതു ഞാന്‍ മറക്കില്ല.

അപ്പുറത്താരൊക്കെയോ എന്നെ കാത്ത് വെറുതെ ചിലയ്ക്കുന്ന ശബ്ദം...

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒറ്റയ്ക്കു വിട്ടുവോ നീയെന്നെ....? പലപ്പോഴും ഇങ്ങനെ ചിന്തിച്ചത് എന്റെ അറിവില്ലായ്മ, ക്ഷമിക്കുമല്ലോ....

ചരക്കുവണ്ടികളുടെ ബഹളങ്ങള്‍ റോഡുകളെ കീറിമുറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന രാത്രികളെത്ര.

തുടുത്ത നിറമുള്ള നീളന്‍ ഗ്ലാസുകളില്‍ നിന്നു മോന്തിയ നീരൊഴുക്കുകളുടെ ആലസ്യത്തില്‍പ്പോലും അടരാതെ നിന്നത്, എന്നെ തിരിച്ചറിഞ്ഞത് നിന്റെ നിവൃത്തികേടായിരിക്കും അല്ലേ....?

പുല്‍പ്പായയുടെ തലപ്പു നുള്ളാനും കടിച്ച് അതിന്റെ പുളിപ്പു നുകരാനും ശീലിച്ച നാള്‍ മുതല്‍ കൂടെയുണ്ടായിരുന്നു....

ഒന്നു ചോദിക്കട്ടേ, മടുത്തില്ലേ ഇനിയും....

അന്നെനിക്കു കളിക്കൂട്ടുകാരിയായിരുന്നു നീ.

പിന്നെ, മാമുണ്ടു ചിരിക്കുമ്പോള്‍ നിന്നെ കണ്ടു ഞാന്‍ പേടിച്ചത് ഓര്‍മയുണ്ടോ...?

കാലമെത്ര കഴിഞ്ഞു.

ഇരുണ്ട വഴികളില്‍....

ആരും കൂടെയില്ലാത്ത എത്രയോ രാത്രികളില്‍....

നട്ടുച്ചയ്ക്ക്, നഗരത്തിനു നടുവില്‍....

എന്തിനാണിങ്ങനെ, എന്നെയിങ്ങനെ പിന്തുടരുന്നത്..

ചോദിക്കട്ടെ, എന്തിനാണ്....

നെഞ്ചിടിപ്പിന്റെ താളം തെറ്റി ഒരു മഞ്ചത്തിലേറ്റിയെന്നെ കൊണ്ടുപോകുമ്പോഴും നീ ഇതുപോലെ കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

യാത്ര പറയാതെ പോയതിന് നന്ദികേടു കാണിച്ചുവെന്നു നീ പരിഭവം പറയരുത്.

പറയില്ല എന്നു വിശ്വാസമുണ്ട്. നിഴലിന് എന്നെ വിട്ടുപിരിയാനാകുന്നതെങ്ങനെ....

ഒരാവര്‍ത്തികൂടി ചോദിക്കട്ടെ,

നീയൊരു നിഴലല്ലേ...
നിനക്ക് വിട്ടുപിരിയാനാകുന്നതെങ്ങനെ...
 
Other News in this category

 
 




 
Close Window