Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 7)
Kaipuzha Jayakumar

സാവിത്രിയമ്മയുടെ ചോദ്യത്തിന്റെ നടുക്കത്തില്‍ ശ്യാമളയുടെ കൈയില്‍നിന്ന് തേങ്ങാമുറി വഴുതി. കൈച്ചിരവയുടെ നാക്കില്‍കൊണ്ട് ഇടയ്ക്ക് കൈത്തലം പൂളി മുറിഞ്ഞു. 'ഹൊ...' ഒരു പിടച്ചിലോടെ അവള്‍ ഇടതു കൈത്തലം ചുരുട്ടിപ്പിടിച്ച് ചാടിയെഴുന്നേറ്റു. രക്തം തൊട്ട തേങ്ങാമുറി താഴേയ്ക്കു വീണ്, വെള്ള ടൈലിട്ട തറയില്‍ ചോരപ്പൂക്കളം തീര്‍ത്ത് ഭിത്തിയില്‍ തട്ടി പമ്പരം പോലെ നിന്നു. ശ്യാമളയുടെ കരച്ചില്‍ കേട്ട് സൗമ്യ വലിയ വയറും താങ്ങി അടുക്കളയിലേക്ക് ഇഴഞ്ഞ് വന്നു. 'ദേ... വല്ലാതെ ബ്ലഡ് പോകുന്നു. അമ്മ എന്നാ പണിയാ ഈ കാണിച്ചത്...?' സാവിത്രിയമ്മയെ വഴക്കു പറഞ്ഞിട്ട് ഡോറിലിട്ടിരുന്ന ചുവന്ന പഴയ ടര്‍ക്കിയെടുത്ത് കുറുകെ കീറി ശ്യാമളയുടെ കൈയില്‍ വരിഞ്ഞു കെട്ടി. സാമ്പാര്‍ കഷണം റെഡിയായത് അറിയിച്ച്, പ്രഷര്‍ കുക്കര്‍ വീണ്ടും അലറി വിളിച്ചു. 'അമ്മ ദേ കുക്കറൊന്ന് ഓഫാക്കിക്കേ, എന്തൊരു ശബ്ദം....' കലി കയറിയ സാവിത്രിയമ്മ കുക്കര്‍ ഓഫാക്കുക മാത്രമല്ല, ഗ്യാസും അണച്ചു. എന്നിട്ട് പല്ലിറുമ്മി ഹാളിലേക്കു നടന്നു.ഇപ്പം അമ്മ ചോദിച്ചതാ കുറ്റം.ചുമന്നോട്ടെ... ആര്‍ക്ക് ചേതം... അല്ല, ഇതങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ല... ആരാണ് ഈ കൃഷിയിറക്കിയതെന്ന് അറിയണമല്ലോ... തന്റെ ഭര്‍ത്താവോ മരുമകനോ, അതോ കളത്തിനു പുറത്തുള്ള മറ്റാരെങ്കിലുമോ? ഫാന്‍ സ്പീഡിലിട്ടിട്ട് സാവിത്രയമ്മ ചുവന്ന കുഷ്യനിട്ട വലിയ സോഫയിലേക്ക് ഊക്കോടെ ഇരുന്നു. എന്നിട്ടു കൈനീട്ടി നീല ജനല്‍ വിരി മാറ്റി കൊളുത്തെടുത്തു. തണുത്ത കാറ്റ് അകത്തേക്കു കയറി. പിന്നാലെ അകലയുള്ള ക്ഷേത്രത്തില്‍ നിന്നുയരുന്ന ഭക്തിഗാനങ്ങളും...എഴുന്നേറ്റ് ടിവി ഓണ്‍ ചെയ്ത് റിമോട്ടുമെടുത്ത് ആറില്‍ കുത്തി.ഏഷ്യാനെറ്റില്‍ ഭക്തിസുധാമൃത സ്വാമിജി പ്രഭാഷണം നടത്തുകയാണ്. തിളച്ചു മറിയുന്ന മനസിനു പ്രഭാഷണം ആസ്വാദ്യമായി തോന്നി. ചൂണ്ടുവിരല്‍ തൊട്ടപ്പോള്‍ ലേശം വോളിയം വര്‍ധിച്ചു. 'പ്രേക്ഷകരേ... നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ...?' സ്വാമിജി ചോദിക്കുന്നു... 'ബ്ലഡ് നില്‍ക്കുന്നില്ലല്ലോ... ഇതെന്താ ഇങ്ങനെ...?' ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ട് സൗമ്യ ശ്യാമളയുടെ കൈയിലെ കെട്ട് ഒരിക്കല്‍ക്കൂടി മുറുക്കി. 'നീ ആ വാഷ്‌ബേസിനിലേക്ക് കൈ നീട്ടിപ്പിടിച്ചേ... ഞാന്‍ ടാപ്പ് തുറന്നു വിടാം... ബ്ലഡ് നില്‍ക്കാതെ വന്നാല്‍ പിന്നെ എങ്ങെയാ? ആശുപത്രിയില്‍ പോകേണ്ടി വരുമെന്നാ തോന്നുന്നത്.... നിനക്ക് ക്ഷീണം തോന്നുന്നുണ്ടോ?' 'സാരമില്ല ചേച്ചീ...' വേദന കടിച്ചമര്‍ത്തി പറഞ്ഞു കൊണ്ട് ശ്യാമള ടാപ്പിനു കീഴെ കൈവച്ചു. മുറിവിലേക്ക് വെള്ളം വീണപ്പോള്‍ അറിയാതെ വായ് പൊളിച്ചു പോയി. 'ശ്ശെ... വല്ലാതെ നീറുന്നല്ലോ... ഞാന്‍ ഇത്തിരി ഐസ് വയ്്കാം... അമ്മേ ഇത്തിരി ഐസ് ഇങ്ങെടുത്തേ...' സൗമ്യ വിളിച്ചു പറഞ്ഞു. ഹാളിലാണ് പ്രിഡ്ജ്. സാവിത്രിയമ്മ അതു കേട്ടതായി ഭാവിച്ചില്ല. ടിവിയില്‍ ഇപ്പോള്‍ യോഗ ക്ലാസാണ്. സൗമ്യ വലിഞ്ഞ് വലിഞ്ഞ് വന്ന ഫ്രിഡ്ജ് തുറന്ന് ഐസെടുത്ത് അവളുടെ കൈയില്‍ വച്ചു കെട്ടി. മനുഷ്യപ്പറ്റ് വേണമെന്നു നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയാറുള്ള അമ്മയുടെ മനുഷ്യപ്പറ്റ് എവിടെപ്പോയി? സൗമ്യ സാവിത്രയമ്മയുമായി തര്‍ക്കിക്കാന്‍ നിന്നില്ല. ചിരവയില്‍ കൊണ്ടൊന്നു കൈ മുറിഞ്ഞതെന്നു കരുതി ഇത്രമാത്രം എന്തോന്ന് ചെയ്യാനാ... ഇത്തരി കഴിഞ്ഞ് ചോര നില്‍ക്കുമ്പോള്‍ കാപ്പിപ്പൊടി വച്ച് കെട്ടി വയ്ക്കണം. രണ്ടു ദിവസം കഴിഞ്ഞ് കെട്ടഴിക്കുമ്പോള്‍ കരിഞ്ഞിരിക്കും... ഒന്നുമില്ലെന്നേ... വിഷയം മാറ്റി വിടാനുള്ള അവളുടെ അടവാണ്. അതിന്റെ താളത്തിനൊപ്പിച്ച് തുള്ളാന്‍ തന്റെ മകളും...സാവിത്രിയമ്മ ഡോര്‍ വലിച്ചുതുറന്ന് സിറ്റൗട്ടിലേക്കിറങ്ങി. 'ഹായ്.. ആന്റി എപ്പ വന്നു? എന്തിയേ മോള്‍... ഇന്നലെ ഞാന്‍ കണ്ടിരുന്നു.. ഹസ്സ് പിന്നാലെ വരുന്നതേയുള്ളൂ...' ഗെയ്റ്റില്‍ സ്‌നേഹപ്രഭ. ഭാര്യയും ഭര്‍ത്താവും രാവിലത്തെ പതിവ് നടത്തത്തിനിറങ്ങിയതാണ്. വിദേശത്ത് നഴ്‌സയാരിുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് സോമശേഖരന്‍ എന്ന സോമന്‍. കാര്യമായ ജോലിയൊന്നും അന്നും ഇന്നും ഇല്ല. സ്‌നേഹപ്രഭയുടെ നിഴല്‍. കുട്ടികളില്ല.ആള്‍ വലിപ്പത്തിലും സ്‌നേഹപ്രഭയാണ് മുന്ില്‍. തടിയും തൂക്കവും.സോമന്‍ ആളില്‍ കുറുകിയവന്‍.വല്ലാത്ത ഒരു ശബ്ദവും. സൗമ്യയുടെ തൊട്ടു ചേര്‍ന്നാണ് സ്‌നേഹപ്രഭയുടെ ഇരുനില വീട്.സ്‌നേഹപ്രുടെ ആന്റി വിളി സാവിത്രിയമ്മയ്ക്കു തീരെ പിടിച്ചില്ല.ഇതുപോലെ വേഷം കെട്ടി മൂടിയും കറപ്പിച്ചു നടന്നാല്‍ എന്റെ പ്രായവും കുറയും. സാവിത്രിയമ്മ പിറുപിറുത്തു. നീല ജീന്‍സും ടൈറ്റായ വൈറ്റ് ടീഷര്‍ട്ടുമാണ് സ്‌നേഹപ്രഭയുടെ വേഷം. ഉച്ചിയിലേക്ക് പൊന്തിച്ച് കെട്ടി വലിയ കറുത്ത തൊപ്പിയിട്ടിരിക്കുന്നു. ഠീഷര്‍ട്ടില്‍ കൊള്ളാത്ത ശരീരഭാഗങ്ങള്‍ വല്ലാതെ തുള്ളിച്ചുകൊണ്ട് സ്വപ്നപ്രഭ ഗെയ്റ്റ് തുറന്ന് സിറ്റൗട്ടിലേക്കെത്തി. പിന്നാലെ അണച്ചുകൊണ്ട് കടുംനീല ടീഷര്‍ട്ടും ബര്‍മുഡയുമായി സോമനും. വിയര്‍പ്പില്‍ കുതിര്‍ന്ന വിദേശ പെര്‍ഫ്യൂമിന്റെ രൂക്ഷഗന്ധം അവിടമാകെ നിറഞ്ഞു...സാവിര്യിമ്മ മൂക്ക് പൊത്തിപ്പോയി. 'സൗമ്യാ...' സ്‌നേഹപ്രഭ ഹാളിലേക്ക് കയറി അവിടെനിന്ന് നേരേ അടുക്കളയിലേക്കു പോയി. സോമന്‍ സിറ്റൗട്ടിലെ ചാരുകസേരയിലേക്ക് തളര്‍ന്നിരുന്നു. 'ഓ.. മൈ ഗോഡ്... വല്ലാത്ത ബ്ലീഡിങ് ഉണ്ടല്ലോ... സ്റ്റിച്ച് വേണ്ടി വരുമല്ലോ... എന്തു പറ്റിയതാ?' സ്‌നേഹപ്രഭ ആശ്ചര്യത്തോടെ ചോദിച്ചു. സൗമ്യ കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞു. 'ഹോസ്പിറ്റലില്‍ പോകേണ്ടി വരുമോ ആവോ...?' സൗമ്യ ആകാംക്ഷയോടെ ചോദിച്ചു. 'നോക്കട്ടെ, എന്റെ ചില ഫസ്റ്റ് എയ്ഡ് മെഡിസിന്‍ ഒക്കെയുണ്ട്. റിസല്‍ട്ടില്ലെങ്കില്‍ മേരിമാതായില്‍ പോയി സ്റ്റിച്ചാടം... പ്ലീസ് വെയ്റ്റ്... സോമേട്ടാ... എന്റെ മെഡിസിന്‍ ബോക്‌സ് ഇങ്ങെടുത്തു കൊണ്ടു വരാമോ?' സ്‌നേഹപ്രഭ വിളിച്ചു ചോദിച്ചു. 'ഞാന്‍ പോയി എടുത്തുകൊണ്ടു വരാം' സൗമ്യ പറഞ്ഞു. 'അയ്യെടാ നല്ല കാര്യായി...' സ്‌നേഹപ്രഭ സൗമ്യയെ അടിമുടി നോക്കി 'എവിടെയാ ഇരിക്കുന്നത്?' സോമന്‍ വിളിച്ചു ചോദിച്ചു. 'നമ്മുടെ ബെഡ്‌റൂമിലെ ഷെല്‍ഫിലുണ്ട്. ഇത്തിരി ഡെറ്റോളം വേണം. ഡെറ്റോള്‍ കിച്ചണിലെ വാഷ് ബേസിന്റെ സൈഡിലുണ്ട്.' സ്‌നോഹപ്രഭയുടെ മറുപടി കിട്ടിയപ്പോള്‍ സോമന്‍ ഉരുണ്ടു തുടഹ്ങി. അല്ല, ചേച്ചീ ഇവിടെ എന്താ പറ്റിയത്? മടങ്ങിവന്ന് സോമന്‍ ചോദിച്ചു. 'ആ വേലക്കാരി പെണ്ണിന്റെ കൈയൊന്ന് മുറിഞ്ഞതാ...' 'അത്രേയുള്ളൂ...' സോമന്‍ വീണ്ടും ഉരുണ്ടു. ഇത്തിരി കഴിഞ്ഞപ്പോള്‍ മടങ്ങിയെത്തി. ഒരു കൈയില്‍ നീല നിറത്തിലുള്ള ചതുര പ്ലാസ്റ്റിക് ബോക്‌സും, മറുകൈയില്‍ ഡെറ്റോള്‍ കുപ്പിയും. സ്‌നേഹപ്രഭ മുറിവ് ഡ്രസ് ചെയ്തു. 'സ്റ്റിച്ച് വേണ്ടിവരുമെന്നു തോന്നുന്നില്ല, നമുക്കു നോക്കാം, രണ്ടു ദിവസത്തേക്കു കൈന നനയ്ക്കരുത്.. ഒരു ടിടി കൂടി എടുത്തേക്കാം...' 'ടിടി വാങ്ങിപ്പിക്കണോ' സൗമ്യ ചോദിച്ചു. 'വേണ്ട, ഈ ബോക്‌സിലുണ്ട്' ഇന്‍ജക്ഷനെടുത്തു. 'നനയ്ക്കാതിരിക്കുകയെന്നതാണു പ്രധാനം... കുറച്ചു മ്മിയോട് അഡജസ്റ്റ് ചെയ്യാന്‍ പറയ്...' 'നീ എന്നാ സ്‌നേഹം ഈ പറയുന്നത്. നനയ്ക്കാതിരിക്കാനോ... ഇതു കൈയാണ്. ബാത്ത്‌റൂമില്‍ പോണേല്‍ എന്താ ചെയ്യ?' സോമന്റെ ചോദ്യം. 'ബാത്ത്‌റൂമില്‍ പോകുന്നില്ല... എന്താ പോരേ?' സോമന്റെ അനസരത്തിലുള്ള ചോദ്യം കേട്ട് സ്‌നേഹപ്രഭയ്ക്ക് ശുണ്ഠി വന്നു. 'ആന്റി ഇതുവരെ ഞങ്ങളുടെ വീട്ടിലേക്ക് ഒന്നു വന്നിട്ടില്ല. അങ്കിള്‍ വന്നാല്‍ അവിടെ കയറാതെ പോകില്ല... കഴിഞ്ഞ ദിവസം ടൗണില്‍ വച്ചു കണ്ടു. എന്റെ കാറിലാ വൈക്ത്തിറങ്ങിയത് എന്റെ െ്രെഡവിങ് കണ്ടപ്പോള്‍ അങ്കിളിനു വല്ലാത്ത പൂതി, െ്രെഡവിങ് പഠിക്കണമത്രെ. പഠിപ്പിച്ചുകൊടുക്കാമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്... അങ്കിളിനെ കണ്ടാല്‍ പെന്‍ഷനായെന്നു തോന്നത്തേയില്ല. വെരി യങ് ആന്‍ഡ് സ്മാര്‍ട്ട്....' സ്‌നേഹപ്രഭ ഇറങ്ങാന്‍ നേരം സാവിത്രിയമ്മയോടു പറഞ്ഞു. അവര്‍ക്ക് അടിമുടി വിറഞ്ഞു. പുറത്തു കാട്ടിയില്ലെന്നേയുള്ളൂ. സ്‌നേഹപ്രഭയ്ക്കു പിന്നാലെ സോമന്‍ ഉരുണ്ടു. 'അമ്മ പേടിക്കണ്ട. അച്ഛന്‍ ഇനി െ്രെഡവിങ് പഠിക്കാനൊന്നും പോൗത്തില്ല...' സാവിത്രിയമ്മയുടെ മനസ് വായിച്ചതു പോലെ സൗമ്യ പറഞ്ഞു. 'അത്... നീ...' പിടിക്കപ്പെട്ടതു പോലെ അവര്‍ വിക്കി. 'അമ്മയുടെ മോളല്ലേ ഞാന്‍...' സൗമ്യ സാവിത്രിയമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. 'എന്തോ എനിക്ക് ആ പെണ്ണുംപിള്ളയെ തീരെ ഇഷ്ടമല്ല. ഭാര്യ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന ഓക്കന്‍ ഭര്‍ത്താവും.' ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാവിത്രിയമ്മ പറഞ്ഞു. 'അമ്മേ നമുക്ക് നമ്മുടെ കാര്യം, അവര്‍ക്ക് അവരുടേതും. അങ്ങനെയങ്ങു ചിന്തിച്ചാല്‍ മതി....' അവര്‍ ഒന്നിരുത്തി മൂളിയതല്ലാതെ വായ് തുറന്നില്ല. ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. സൗമ്യയാണ് അറ്റന്‍ഡ് ചെയ്തത്. 'അമ്മേ അച്ചനാ... അച്ചന്‍ ഇങ്ങോട്ടു വരണോന്ന്...' 'വേണ്ട...' എടുത്തടിച്ചതുപോലെയായിരുന്നു മറുപടി. സൗമ്യയ്ക്ക് ചിരിക്കാതിരിക്കാനായില്ല. പിറ്റേന്നു പുലര്‍ച്ചെ സാവിത്രിയമ്മ വീണ്ടും ശ്യാമളയെ പിടികൂടി.ആദ്യമൊക്കെ കരഞ്ഞു നിന്ന ശ്യാമളയുടെ ഭാവം പെട്ടെന്നങ്ങു മാറിയപ്പോള്‍ സാവിത്രിയമ്മ പതറിപ്പോയി. എങ്കിലും പിടിച്ചു നില്‍ക്കാനായി അവര്‍ അവസാനത്തെ ആയുധം പ്രയോഗിച്ചു. 'നിനക്ക് വയറ്റിലുണ്ടോ ഇല്ലയോ? അതാ എന്റെ ചോദ്യം' സാവിത്രിയമ്മയുടെ ശബ്ദം ഉയര്‍ന്നു. 'ഉണ്ട്...' കൂസലില്ലാതെ അവള്‍ പറഞ്ഞു. ശബ്ദം കേട്ട് രമണനും സൗമ്യയും ഇറങ്ങിവന്നു. 'അമ്മേ ഒന്നു പതുക്കെ ആരെങ്കിലും കേള്‍ക്കും...' സൗമ്യ ഇടയ്ക്കു കയറി. 'നീ ഇവളു പറഞ്ഞത് കേട്ടില്ലേ ഇവള്‍ ഗര്‍ഭിണിയാണെന്ന്...' സാവിത്രിയമ്മ കിതച്ചു. 'അതെ, ഞാന്‍ ഗര്‍ഭിണിയാ... എന്റെ കൊച്ചിന്റെ അച്ഛന്‍ ആരാണെന്ന് എനിക്ക് അറിയുകയും ചെയ്യാം. എന്താ നാട്ടുകാരോടു ഞാന്‍ ഈ കാര്യം വിളിച്ചു പറയണോ? പറഞ്ഞാല്‍ എനിക്കൊന്നുമില്ല... ഒരു വീട്ടുവേലക്കാരിയായ എനിക്ക് എന്ത് കുടുംബം ആഭിജാത്യം... അതൊക്കെ നിങ്ങള്‍ക്കല്ലേ...?' സാവിത്രിയമ്മ ഒരു നിമിഷം വിളറി. 'എന്താ ഞാന്‍ ഇവിടെ പോകണോ, പോയേക്കാം... പോയാല്‍ നാടുമുഴുവന്‍ അറിയും... ഇവിടെ നിന്നാല്‍ അടു്കളയ്ക്ക് അപ്പുറത്തേക്ക് വാര്‍ത്ത ചോരാതെ ഞാന്‍ നോക്കാം... പഴയ കാലമൊന്നുമല്ല... എന്റെ കൂടെ കൂടാനും ആള് കാണും... കൊച്ചിന്റെ തന്തയാരാണെന്ന് തെളിയിക്കാന്‍ വഴിയുമുണ്ട്. ഞാന്‍ എന്തിനും തയാര്‍...' ശ്യാമള വെല്ലുവിളിച്ചു. 'പ്ലീസ് ശ്യാമളേ നീയെങ്കിലും ഒന്നു മിണ്ടാതിരിക്ക്...' സൗമ്യ ശ്യാമളയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. രാത്രി... 'നീ ഉറങ്ങിയോ...?' സൗമ്യയുടെ മുറിയുടെ വാതില്‍ക്കലെത്തിയിട്ട് സാവിത്രിയമ്മ ചോദിച്ചു. 'എനിക്ക് നിന്റെ കെട്ടിയവനെ തന്നെയാ സംശയം. അവള്‍ അവന് എന്തോ ഉറപ്പു കൊടുത്തിട്ടുമുണ്ട്... അല്ലെങ്കില്‍ അത്രയ്ക്ക് അവള്‍ പറയില്ല... നേര്‍ക്കു നേര്‍ നിന്നു സംസാരിക്കത്തില്ല...' 'അമ്മേ പതുക്കെ, രമണേട്ടന്‍ കേട്ടാല്‍...' 'പെട്ടെന്ന് എന്താണെന്നു വച്ചാല്‍ ചെയ്‌തേക്കണം.' 'മരണേട്ടനെ എനിക്കു വിശ്വാസമാ. ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. .. പണ്ട് എനിക്കും അങ്ങനെയായിരുന്നു... എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല... സൗകര്യം കിട്ടിയാല്‍ എല്ലാവരും കട്ടു തിന്നും. ' സാവിത്രിയമ്മ കലിതുള്ളി മുറിയിലേക്കു പോയി. സൗമ്യ നിന്നിടത്തു നിന്ന് ഉരുകിത്തീരുകയായിരുന്നു. പിറ്റേന്ന് ഡ്യൂട്ടിക്കു പോകാനായി ഒരുങ്ങിയിറങ്ങിുമ്പോള്‍ രമണന്‍ സൗമ്യയോടു ചോദിച്ചു. 'നീ ആരുടെ പക്ഷത്താ? എന്റെയോ അതോ നിന്റെ അമ്മയുടെയോ?' 'രമണേട്ടാ....' 'ഉത്തരം എന്തായാലും ... നിനക്ക് എന്നെ വിശ്വസിക്കാം...' അവന്‍ പുറത്തേക്കു പോകുമ്പോള്‍ സൗമ്യ തളര്‍ന്ന് കട്ടിലിലേക്കിരുന്നു. ഉച്ച കഴിഞ്ഞു. ശ്യാമള ടെറസില്‍ അലക്കിയ തുണികള്‍ വിരിക്കുകയാണ്. ഡോര്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ സൗമ്യ എഴുന്നേറ്റു ഹാളിലെത്തി. അമ്മ എവിടെ പോയി. ഞാന്‍ കിടക്കുമ്പോള്‍ ടിവി കണ്ടോണ്ട് ഇവിടെ ഇരിപ്പുണ്ടായിരുന്നു. വീണ്ടും ബെല്ല് മുഴങ്ങിയപ്പോള്‍ സാവിത്രിയമ്മ മുറിയില്‍നിന്ന് ഇറങ്ങിവന്നു. തലവേദന... വെറുതേ കിടന്നതാ.... ഉറങ്ങിപ്പോയി... സൗമ്യ വാതില്‍ തുറന്നു. തല മുണ്ഡനം ചെയ്ത് കാഷായ വേഷത്തില്‍ കനകമ്മ, രമണന്റെ അമ്മ. നെറ്റിയില്‍ കുറുകെ നാല് ഭസ്മക്കുറികള്‍. അതിന്റെ നടുവില്‍ സിന്ദൂരം. കനകമ്മ അകത്തേക്കു കയറിയപ്പോള്‍ കര്‍പ്പൂരത്തിന്റെ മണം. 'അമ്മ ഇരിക്ക്...' സൗമ്യ വളരെ സൗമ്യമായി പറഞ്ഞു. 'ഞാന്‍ നെങ്ങളുടെ സല്‍ക്കാരത്തില്‍ പങ്കുകൊള്ളാന്‍ വന്നതല്ല... നെങ്ങള് എന്തിനാ മരമണന്റെ നേരേ ചാടിക്കടിക്കുന്നത്? വേലക്കാരിക്ക് വയറ്റിലുണ്ടായതിന്റെ കുറ്റക്കാരന്‍ അവനാണോ? പിള്ളേരുണ്ടാകില്ലെന്ന് പണ്ടേ ഡോക്ടര്‍ പറഞ്ഞതല്ലേ... സംശയമുണ്ടെങ്കില്‍ അവനെ കൊണ്ട് പരിശോധിപ്പീര്...' കനകമ്മ വായ് തുറന്നു. സാവിത്രിയമ്മ അന്ധാളിപ്പോടെ സൗമ്യയുടെ വീര്‍ത്ത വയറിലേക്കും കനകമ്മയുടെ ഉണ്ടക്കണ്ണുകളിലേക്കും മാറിമാറി നോക്കി. (തുടരും)

 
Other News in this category

 
 




 
Close Window