Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ - (നോവല്‍ - അധ്യായം 11)
Kaipuzha Jayakumar

ഹരിശ്ചന്ദ്രന്‍ നായരുടെ വീട്ടില്‍നിന്ന് രണ്ടു പറമ്പിന് അകലെയാണ് തെങ്ങിന്‍തോപ്പ്, അതിനോടു ചേര്‍ന്ന് കുറച്ചു റബറും. പിന്നെ ചാലുകള്‍ കീറി തീര്‍ത്ത ചിറ, ചിറയില നിറയെ കുല പൊട്ടിനില്‍ക്കുന്ന ഏത്തവാഴ. ചിറയില്‍ നിന്നിറങ്ങുന്നത് വിശാലമായ കരക്കണ്ടത്തിലേക്ക്. വര്‍ഷത്തില്‍ ഒരുവട്ടം നെല്‍കൃഷി. ബാക്കി സമയം മരച്ചീനി, അല്ലെങ്കില്‍ പാവല്‍, പടവലം, വെള്ളരി. അതാണ് കൃഷിരീതി. ചുരുക്കത്തില്‍ ആകെക്കൂടി ഒരു പച്ചപ്പ്. മൊബൈല്‍ ഫോണ്‍ ഉമ്‌ടെങ്കിലും അതു കൊണ്ടുനടക്കുന്നത് നായരുടെ ശീലമല്ല. കൃഷിക്കിറങ്ങുമ്പോള്‍ എവിടെയങ്കിലും വച്ച് മറന്നു പോകുന്നത് ഒരു സ്ഥിരം ഏര്‍പ്പാടായതുകൊണ്ട് ഇപ്പോള്‍ കൊണ്ടുവരാറില്ല. നായര്‍ തങ്ങള്‍ക്കൊപ്പം പണിക്കിറങ്ങരുതേ എന്നാണ് പ്രാര്‍ഥന. കാരണം, പണി തുടങ്ങിയാല്‍ പിന്നെ നായര്‍ക്ക് വിശ്രമമില്ല. മൂക്കപ്പൊടി വലിക്കാനോ മറ്റോ രണ്ടു മിനിറ്റ് മാറിയെങ്കിലായി. #ൊപ്പം നില്‍ക്കുന്ന പണിക്കാരന്റെ ചീട്ട് കീറും. ഇങ്ങനെയൊക്കെയാണെങ്കിലും പണിക്കാര്‍ക്ക് നായരെ ഇഷ്ടമാണ്. കടം പറയില്ല. നല്ല ഭക്ഷണം കിട്ടും. ഇറച്ചിയും മീനുമൊക്കെയുണ്ടാകും. കൂലിയില്‍ കുറവും വരുത്തില്ല. മാത്രമല്ല, പണിയില്ലാത്തപ്പോള്‍ നായരെ വന്നു കണ്ടാല്‍ വെറും കൈയോടെ മടങ്ങേണ്ടിയും വരില്ല. സാവിത്രിയമ്മയെ കണ്ടാലും അല്ലറചില്ലറ വായ്പകളൊക്കെ തരപ്പെട്ടു കിട്ടും. ചിലപ്പോള്‍ അടുക്കള കാര്യങ്ങള്‍ക്കുള്ള ചില്ലറ സാധനങ്ങളും കിച്ചും. ''എന്താടാ സുകു ഇത്ര ധൃതി? ഞാന്‍ വൈകുന്നേരം പണിക്കാരെ പറഞ്ഞുവിട്ടിട്ട് അത്രടം വരെ പോകാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി വിളിച്ചപ്പോഴും ഞാന്‍ സാവിത്രിയോടു പറഞ്ഞതാണല്ലോ, ഉച്ചകഴിഞ്ഞു വരുമെന്ന്... അതിന്റെ ഇടയില്‍ എന്താ ഇത്ര അര്‍ജന്റ് ഉണ്ടായത്?'' തോളില്‍ വളച്ചിട്ടിരിക്കുന്ന ചുട്ടിക്കരയന്‍ തോര്‍ത്തിന്റെ കോന്തല കൊണ്ട് മുഖവും കഴുത്തും ഒപ്പിയിട്ട് നായര്‍ പൊടി ഡപ്പി തുറന്ന്, പിന്നെ മുഖം വക്രിച്ച് മൂക്ക് പരുവത്തിലാക്കി പൊടി പ്രയോഗിച്ചു. ''സാറിന്റെ മൊബൈല്‍ ഒരുപാട് പ്രാവശ്യം വിളിച്ചു. പിന്നെ ലാന്‍ഡ് ഫോണിലും കിട്ടാഞ്ഞിട്ടാ എന്റെ വീട്ടിലോട്ട് വിളിച്ചത്. ഓട്ടം ഇല്ലാത്തതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു...'' ''എന്താടാ ഉവ്വേ കാര്യം...?'' പൊടി പ്രയോഗത്തിനു ശേഷമുള്ള പതിവ് തുമ്മലിനും ചീറ്റലിനുമിടയില്‍ നായര്‍ ചോദിച്ചു. ''അതു പറഞ്ഞില്ല...'' ''നീ ചോദിച്ചില്ലേ?'' ''ഇല്ല...'' ''തേങ്ങാ ഇടീക്കാന്‍ പോരുന്ന കാര്യം അവളോടു പറഞ്ഞായിരുന്നു. അതാ അവള്‍ നിന്നോട് ഞാന്‍ ഇവിടെ കാണുമെന്നു കട്ടായം പറഞ്ഞത്.'' സുകുവിന്റെ മൊബൈലില്‍ കഥകളിപ്പദം. അവന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ഫോണെടുത്തു ചെവിയോടു ചേര്‍ത്തുവച്ചു. ഇവനും വിവരം വച്ചോ? മൊബൈലില്‍ കഥകളിപ്പദം... നായര്‍ സുകുവിനെ അടിമുടി നോക്കി. ''ഒരു ഓട്ടത്തിന്റെ ഇടപാടാ... ചാലക്കുടിക്ക്...'' സുകു ഫോണ്‍ ഓഫാക്കിയിട്ട് പറഞ്ഞു. ''ശരി നീ പൊയ്‌ക്കോ...'' ''സാറിനു വണ്ടി...'' അവന്‍ ഭവ്യതയോടെ ചോദിച്ചു. ''ഓ എന്നാത്തിന്.. കെഎസ്ആര്‍ടിസി അല്ലേ ഇഷ്ടം പോലെ... പിന്നെ അവിടെനിന്ന് വേണേല്‍ ഒരു ഓട്ടോ പിടിച്ച് ഇരുപതു കൊടുത്താല്‍ പോരേ... ഏതായാലും ഞാന്‍ വീട്ടിലോട്ടു ചെന്ന് അവളെയൊന്നു വിളിക്കട്ട... ശരി...'' സുകു യാത്ര പറഞ്ഞ് പിരിഞ്ഞു. ''നാണപ്പാ ഞാന്‍ വീടുവരെ ഒന്നു പോകുവാ... ചിലപ്പോള്‍ മകളുടെ അടുത്തവരെ ഒന്നു പോകേണ്ടിവരും... നീ ഇവിടെ തന്നെ എല്ലാം പെറുക്കി കൂട്ടിയിട്ടേര്. തേങ്ങാക്കാരനോട് ഇങ്ങോട്ടു വരാനാ പറഞ്ഞിരിക്കുന്നക്... അയാള് വരാതെ നീ സ്ഥലം വിടരുത്...'' തെങ്ങുകയറ്റക്കാരന്‍ നാണപ്പനോട് നായര്‍ വിളിച്ചു പറഞ്ഞു. ''പടിഞ്ഞാറേതില് ഇന്നിടണോ?'' അവന്‍ തെങ്ങിന്‍ മുകളില്‍നിന്ന് വിളിച്ചു. ''ഓ... വേണ്ട...'' അവന്‍ ഇരിക്കുന്നത് തെങ്ങിന്‍ മുകളിലായതുകൊണ്ട് നായര്‍ സംഭാഷണം അവിടെ മുറിച്ചു. ''മകള്‍ക്ക് എന്നാ പറ്റീതാ...?'' നാണപ്പന്‍ ലോഹ്യം ചോദിച്ചു. ''ഒന്നുമില്ലെടാ ഉവ്വേ...'' തെങ്ങിന്റെ മണ്ടേല്‍ കയറിയിരുന്നല്ലേ ലോഹ്യം ചോദീര്... നായര്‍ പിറുപിറുത്തു. ധൃതിയില്‍ വീട്ടിലേക്കു നടന്നു. ടിവി സ്റ്റാന്‍ഡില്‍നിന്ന് മൊബൈല്‍ ഫോണെടുത്ത് നോക്കി. ആറ് മിസ്ഡ് കോള്‍...! സാവിത്രിക്ക് ശരിക്കും ദേഷ്യം വന്നു കാണം. ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. സാവിത്രിയായിരിക്കും. നായര്‍ റിസീവര്‍ കൈയിലെടുത്തു. ''പന്നി ഇറച്ചി വേണ്ടട്ട്വോ... കോഴി മതി... പന്നി തിന്നാ ആകെ പ്രശ്‌നാവും... കോള്‍ഡ് സ്‌റ്റോറേജില്‍നിന്ന് കോഴി വാങ്ങരുത്... അതും അതിലും കുഴപ്പമാകും...'' മറുപടി കിട്ടാതെ വന്നപ്പോള്‍... ''ജോസേട്ടനല്ലേ...'' ഒരു കിളിക്കൊഞ്ചല്‍. ''വച്ചിട്ടു പോ പെണ്ണുമ്പിള്ളേ...'' നായര്‍ ദേശ്യത്തോടെ റോങ് നമ്പര്‍ കട്ട് ചെയ്തിട്ട് സൗമ്യയുടെ വീട്ടിലേക്കു ഡയല്‍ ചെയ്തു. ''അച്ചാ ഞാന്‍ സീമയാ...'' നായരുടെ ശബ്ദം കേട്ടപ്പോഴേ സീമ പറഞ്ഞു. ''നീ എന്താ അവിടെ? ജോലിക്കു പോയില്ലേ?'' ''പോയി ഒപ്പിട്ടിട്ട് ഇങ്ങു പോന്നതാ...'' ''അത്രമാത്രം എന്താ അവിടെ അത്യാവശ്യം...?'' ''ആരാടീ..?'' സാവിത്രിയമ്മയുടെ ചോദ്യം നായരും കേട്ടു. ''അച്ചനാ...'' ''ഇങ്ങോട്ടു താ, ഞാന്‍ പറയാം.'' സാവിത്രിയമ്മ സീമയുടെ കൈയിലനിന്ന് റിസീവര്‍ വാങ്ങിച്ചു. ''ഞാന്‍ ഒരു നൂറ് വിളി വിളിച്ചു, എവിടെയായിരുന്നു?'' ''തേങ്ങാ ഇടീക്കാന്‍ പോകുമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലേ... മൊബൈലൊട്ട് കൊണ്ടുപോയുമില്ല...'' നായര്‍ തന്റെ ഭാഗം ന്യായീകരിച്ചു. ''നിങ്ങള്‍ പെട്ടെന്ന് ഇങ്ങോട്ടു വാ... ആ സുകുവിന്റെ കാറില്‍ പോര്...'' ''കാറ് പിടിച്ച് വരാന്‍ മാത്രം അവിടെ എന്താ പ്രശ്‌നം? സൗമ്യയ്ക്ക് പണ്ടത്തെപ്പോലെ...'' ''ഫോണില്‍ കൂടി എല്ലാം വിളമ്പാന്‍ പറ്റില്ലല്ലോ... നിങ്ങള്‍ പെട്ടെന്ന് ഇങ്ങു വാ...'' സാവിത്രിയമ്മ റിസീവര്‍ വച്ചു. നായര്‍ക്ക് ടെന്‍ഷനായി. എന്തായിരിക്കും കാര്യം? ധൃതിയില്‍ ഒരു കുളി പാസാക്കിയിട്ട് വീട് പൂട്ടി പുറത്തിറങ്ങി. ബസ് സ്‌റ്റോപ്പിലെത്തിയപ്പോഴേ ബണ്ട് റോഡ് വഴിയുള്ള വണ്ടി കിട്ടി. അതും സൂപ്പര്‍ ഫാസ്റ്റ്. മൊബൈല്‍ ശബ്ദിച്ചു. നായര്‍ ഫോണെടുത്ത് ചെവിയോടു ചേര്‍ത്തു. ''ഹലോ...'' ''സാറേ, ഞാനാ തേങ്ങാക്കാരന്‍ പാപ്പൂട്ടി... ഇത്തിരി ടൈറ്റ്... ഒന്നു മറിഞ്ഞു വന്നാല്‍ ഓക്കെ... തിങ്കളാഴ്ച ചന്ത കഴിഞ്ഞാല്‍ സാറിന്റെ തേങ്ങയുടെ പണം റെഡി... അപ്പ ഇതങ്ങോട്ട് എടുക്കട്ടെ?'' ''എന്നിട്ട് ഈ കാര്യം എന്താ നീ നേരത്തേ പറയാഞ്ഞത്?'' ''അത്...'' ''ഉവ്വ, മനസിലായി. എടുകക്. പക്ഷേ, അടുത്ത പ്രാവശ്യം ഈ വേലത്തരം കൊണ്ട് പോന്നേക്കരുത്... നാട്ടില്‍ വേറെയും തേങ്ങാക്കാരുണ്ട്...'' നായരുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അടുത്തിരുന്ന യുവാവ് പുച്ഛത്തോടെ ചിരിച്ചു. നീ പോടാ പുല്ലേ എന്ന മട്ടില്‍ നായര്‍ ഒരു പുഞ്ചിരിയും സമ്മാനിച്ചു. ബണ്ട് റോഡ് ജംഗ്ഷനില്‍ ബസിറങ്ങുമ്പോള്‍ സൂര്യന്‍ ഉച്ചിയിലായിരുന്നു. ഉച്ച സമയമായതുകൊണ്ടാവാം ഒരു ഓട്ടോറിക്ഷ പോലുമില്ല. ഈ വെയിലത്ത് നടന്നാല്‍ അങ്ങു ചെല്ലുമ്പോള്‍ ചീട്ട് കീറിപ്പോകും. സുകുവിന്റെ കാറേല്‍ പോന്നാല്‍ മതിയായിരുന്നു. കാശ് ലാഭിക്കാന്‍ പോയതാണ് കുഴപ്പമായത്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോഴാണ് സ്‌നേഹപ്രഭയുടെ സില്‍വര്‍ കളര്‍ ഓള്‍ട്ടോ വന്ന് നായര്‍ക്കു ചേര്‍ന്നു നിന്നത്. ''ഹലോ... അങ്കിള്‍...'' ഗ്ലാസ് താഴ്ത്തി സ്‌നേഹപ്രഭ വിളിച്ചു. ''എന്തായി െ്രെഡവിങ് പഠിത്തമൊക്കെ. ഞാന്‍ എപ്പോഴും ഫ്രീയാ... അങ്കിള്‍ എന്റെ ശിഷ്യത്വം സ്വീകരിച്ചാ രണ്ടു ദിവസം കൊണ്ട് ഞാന്‍ പഠിപ്പിക്കാം.'' വെയിലത്ത് നിന്നതുകൊണ്ടാകും നായര്‍ക്ക് ആദ്യ ദര്‍ശനത്തില്‍ ആലെ പിടികിട്ടിയില്ല. ഓ... സൗമ്യയുടെ അയല്‍വാസി ഗള്‍ഫ് റിട്ടേണ്‍ നഴ്‌സ് സ്‌നേഹപ്രഭ. പൊക്കം കുറഞ്ഞ സോമന്റെ പൊക്കമുള്ള ഭാര്യ. ''എവിടെ പോയിട്ട് വരുന്നു?'' ''വൈക്കം വരെ പോയി... ചില്ലറ പര്‍ച്ചേസിങ്...'' ''പുള്ളിക്കാരന്‍ എന്തിയേ...?'' ''ഹമ്പോ... സോമേട്‌ന് പനി... അങ്കില്‍ സൗമ്യയുടെ വീട്ടിലേക്കല്ല? കയറിക്കോ... ഞാനാണേല്‍ ഒറ്റയ്ക്ക് െ്രെഡവ് ചെയ്ത് ബോറടിച്ച് വരുകയാ...'' സ്‌നേഹപ്രഭ ക്ഷണിച്ചു. നായര്‍ ബാക്ക് ഡോര്‍ ഹാന്‍ഡിലില്‍ തൊട്ടപ്പോള്‍ സ്‌നേഹപ്രഭ പറഞ്ഞു. ''ഇവിടെ ഇരിക്കാം.'' അവള്‍ ഫ്രണ്ട് ഡോര്‍ തുറന്നു. നായര്‍ കയറി. ഡോര്‍ അടഞ്ഞു. തണുപ്പില്‍ മുല്ലപ്പൂവിന്റെ ഗന്ധം. ബ്രൗണ്‍ കളര്‍ ജീന്‍സും ശരീരത്തോട് ഒട്ടിക്കിടക്കുന്ന വൈറ്റ് ടീഷര്‍ട്ടുമാണ് അവളുടെ വേഷം. സ്വര്‍ണ രോമങ്ങളുള്ള നനുത്ത കൈത്തണ്ടകള്‍ ശൂന്യമാണ്. ചുണ്ടില്‍ ലിപ്സ്റ്റിക്കിന്റെ നേരിയ ആവരണം. തുടുത്ത മുഖത്ത് മങ്ങാത്ത പുഞ്ഞിരി, സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു. ''െ്രെഡവിങ്ങില്‍ എക്‌സപര്‍ട്ടാണല്ലോ... എങ്ങനെ പഠിച്ചെടുത്തു?'' തടി ലോറിയെ മറികടക്കുമ്പോള്‍ നായര്‍ ചോദിച്ചു. ''മനസ് വച്ചു പഠിച്ചു, അത്രമാത്രം.'' ''ഹസ്ബന്‍ഡ് െ്രെഡവ് ചെയ്യുമോ?'' ''സൈക്കിള് പോലും ഓടിക്കില്ല... ആ ശരീരം നിറയെ പ്രഷറും ഷുഗറുമാ. പോരാത്തതിന് ആസ്ത്മയും...'' ''എനിക്കിതൊന്നുമില്ല...'' നായര്‍ അറിയാതെ പറഞ്ഞു പോയി. പറഞ്ഞുകഴിഞ്ഞ്, പറയണ്ടായിരുന്നുവെന്നു തോന്നുകയും ചെയ്തു. സ്‌നേഹപ്രഭ ചിരിച്ചു. ''അങ്കിളിന് നടന്‍ ശരത്കുമാറിന്റെ ബോഡിയല്ലേ... എങ്ങനെ മെയ്‌ന്റെയ്ന്‍ ചെയ്ത് പോകുന്നു? ആന്റിയുടെ പാചകമാണോ ഇതിന്റെ പിന്‍ബലം?'' നായര്‍ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ''ആന്റി ഒരു റിസെര്‍വ്ഡ് ടൈപ്പാണെന്നു തോന്നുന്നു. അധികം സംസാരവും ചിരിയും ഒന്നുമില്ല... ചോദിച്ചാല്‍ ഉത്തരം, അത്രമാത്രം... സോമേട്ടനും ഏതാണ്ട് അതേ ടൈപ്പാ... എനിക്ക് അത് പറ്റില്ല... സംസാരിച്ചോണ്ടേയിരിക്കണം... അങ്കിളിനെപ്പോലെ...'' നായര്‍ സീറ്റിലേക്ക് ചാരിയിരുന്നു. ഗെയ്റ്റില്‍ നിര്‍ത്തിയാല്‍ മതിയെന്നു നായര്‍ പറയുന്നതിനു മുന്‍പേ സ്‌നേഹപ്രഭ ആള്‍ട്ടോ സൗമ്യയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് ചേര്‍ത്തു നിര്‍ത്തി. കാറിന്റെ ശബ്ദം കേട്ട് ആദ്യം ഇറങ്ങിവന്നത് സാവിത്രിയമ്മയായിരുന്നു. അവരുടെ മുഖഭാവം കണ്ടപ്പോഴേ നായര്‍ക്ക് അപകടം മണത്തു. (തുടരും.)

 
Other News in this category

 
 




 
Close Window