സ്‌നേഹപ്രഭയുടെ മുന്നില്‍വച്ച് സാവിത്രി എന്തെങ്കിലും പറഞ്ഞ് പിടിപ്പിച്ചാല്‍ ആകെ ചളമാകും. താന്‍ ഏതോ കൊമ്പത്തെ പുള്ളിയാണെന്ന മട്ടിലാണ് സ്‌നേഹപ്രഭയുടെ പെരുമാറ്റം. അത് അങ്ങനതന്നെ ഇരുന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു പ്രയോജനമുണ്ടാകുകയും ചെയ്യും. അതാണ് ഇതിന്റെ ലൈന്‍.... പക്ഷേ, സാവിത്രി എല്ലാം തല്ലി കലക്കുന്ന മട്ടാണ്. ഡോര്‍ തുറക്കാനായി നായര്‍ ഹാന്‍ഡില്‍ തിരിച്ചെങ്കിലും തുറന്നില്ല. ''ഡോറിനു ചെറിയ ഒരു കംപ്ലെയ്ന്റ്... വര്‍ക്ക്‌ഷോപ്പില്‍ കാണിക്കാന്‍ സമയം കിട്ടിയില്ല... ഒന്ന് ഷെയ്ക്ക് ചെയ്ത് തുറന്നാല്‍ മതി... ഞാന്‍ തുറന്നു തരാം'' സ്‌നേഹപ്രഭ ഡോര്‍ തുറക്കാനായി കൈ നീട്ടിയപ്പോള്‍ അവരുടെ തുളുമ്പുന്ന മാറിടം നായരുടെ നെഞ്ചിലുരുമ്മി. ഹാന്‍ഡിലിലിരുന്ന നായരുടെ ഇടതു കൈപ്പടത്തിനു മുകളിലേക്ക് അവരുടെ കൈ വന്ന് അമരുകയും ചെയ്തു. ഉള്ളിലെവിടെയോ തീപ്പൊരി ചിതറിയപ്പോള്‍ നായരുടെ മുഖത്ത് നനുത്ത പുഞ്ചിരി വിടര്‍ന്നു. സ്‌നേഹപ്രഭയുടെ മുഖത്ത് കുസൃതിച്ചിരിയും. എന്തിനായിരുന്നു തന്റെ ഈ യാത്ര എന്ന കാര്യം നായര്‍ ഒരു നിമിഷം മറന്നു, മുന്നില്‍ നില്‍ക്കുന്ന ഭാര്യയെയും.... സ്‌നേഹപ്രഭയുടെ ഗന്ധം നായരെ വല്ലാതെ വരിഞ്ഞുമുറുക്കി. നായര്‍ പുറത്തിറങ്ങിയപ്പോഴേക്കും സ്‌നേഹപ്രഭയും പുറത്തിറങ്ങി. അങ്കിള്‍ വെയില് കൊണ്ട് വിഷമിക്കേണ്ടെന്നു കരുതി ഞാനിങ്ങ് കൂട്ടിക്കൊണ്ടു പോന്നു. ഏതായാലും അങ്കിളിനെ കിട്ടിയത് നന്നായി. അല്ലെങ്കില്‍ ഞാന്‍ ബോറടിച്ച് ചത്തേനെ... അങ്കിളിന്റെ മനസ് നിറയെ ഹ്യൂമറാ... ഞാന്‍ ഒത്തിരി ചിരിച്ചു. കണ്ടാല്‍ ഭയങ്കര ഗൗരവക്കാരനാണെന്നു തോന്നും. അടുത്ത് ഇടപടഴകുമ്പോഴല്ലേ..., ആള് സിമ്പിളാ.... സ്‌നേഹപ്രഭ കുലുങ്ങിച്ചിരിച്ചുകൊണ്ട് നെയില്‍ പോളിഷ് തേച്ച ചൂണ്ടുവിരല്‍ നീട്ടി നായരുടെ തോളില്‍ തോണ്ടി. സാവിത്രിയമ്മ പൊട്ടിത്തെറിക്കാന്‍ പാകത്തിലായിക്കഴിഞ്ഞു. അവര്‍ക്ക് സ്‌നേഹപ്രഭയുടെ കരണത്ത് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്. എന്നിട്ടും അടക്കിപ്പിടിച്ചു. വെറുതേ ഒരു സീന്‍ ഉണ്ടാക്കേണ്ട. അല്ല, ഇവളെ എന്തിനു പറയുന്നു, തന്റെ കെട്ടിവനെ പറഞ്ഞാല്‍ പോരേ.... ഇവിടെ മനുഷ്യന്‍ തീ തിന്നുവാ... അതിന്റെ ഇടയ്ക്കാ അങ്ങേരുടെ ഒരു മൂരിശൃംഗാരം..... ഇനി ഇവിടെ നിന്നാല്‍ ശരിയാവത്തില്ല. പല്ലിറുമ്മിക്കൊണ്ട് സാവിത്രയമ്മ അകത്തേക്കു നടന്നു. സീമ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. ''സൗമ്യയുടെ സിസ്റ്ററാണല്ലേ?'' സ്‌നേഹപ്രഭ ചോദിച്ചു. ''അതെ, എങ്ങനെ മനസിലായി?'' ''സെയിം ടു സെയിം....'' സ്‌നേഹപ്രഭ കൊഞ്ചലോടെ പറഞ്ഞു. തമാശ ആസ്വദിക്കാനുള്ള മൂഡല്ലായിരുന്നതു കണ്ട് സീമ ചിരിച്ചെന്നു വരുത്തി. ചിരിക്കാന്‍ വേണ്ടിയുള്ള ആ ചിരി സ്‌നേഹപ്രഭ തിരിച്ചറിയുകയും ചെയ്തു. എവിടെയോ എന്തോ പ്രശ്‌നമുണ്ട്. തന്റെ വരവ് ആര്‍ക്കും അത്ര പിടിച്ചിട്ടില്ലെന്നു തോന്നുന്നു. അരക്കില്‍പ്പെട്ടതു പോലെയാണ് നായരുടെ നില്‍പ്പ്. സ്‌നേഹപ്രഭയെ ഒഴിവാക്കാനും വയ്യ, എന്നാല്‍ ഒഴിവാക്കാതിരിക്കാനും.... ''അങ്കിളിന്റെ സെല്‍ നമ്പര്‍ പറഞ്ഞേ....'' ''സെല്ല് ഞാന്‍ അങ്ങനെ ഉപയോഗിക്കാറില്ല.... അത്യാവശ്യഘട്ടത്തില്‍...'' നായര്‍ വിക്കി. നമ്പര്‍ കൊടുക്കാന്‍ നായര്‍ക്ക് നൂറുവട്ടം സമ്മതമാണ്. മകള്‍ മുന്നില്‍ നില്‍ക്കുന്നു, ഭാര്യയാണെങ്കില്‍ അകത്ത് കലി തുള്ളുന്നു. ''നമ്പര്‍ പറഞ്ഞേ....'' സ്‌നേഹപ്രഭയുടെ നിര്‍ബന്ധം. ''9847665231... മിക്കപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കും....'' ''അച്ഛനെ ഇങ്ങ് വിളിച്ചേടീ....'' നായര്‍ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും സീമയോടായി സാവിത്രിയമ്മ വിളിച്ചു പറഞ്ഞു. ''ശരി അങ്കിള്‍ ഞാന്‍ വിളിക്കാം.... ഓക്കെ ബൈ ബൈ.'' സ്‌നേഹപ്രഭ പ്രത്യേക രീതിയില്‍ ചിരിച്ചുകൊണ്ട് ഇടതുകൈ ഉയര്‍ത്തി വിരലുകള്‍ ചലിപ്പിച്ചു. ''നിന്റെ അമ്മയ്ക്ക് എന്തു പറ്റി? മനുഷ്യേരെ കണ്ടിട്ടില്ലാത്തതു പോലെ ... ഒരു ലിഫ്റ്റ് കിട്ടിയപ്പോള്‍ ഞാനൊന്ന് ആ കൊച്ചിന്റെ കാറേല്‍ കേറി. അതിന് ഇത്രേമൊക്കെ ചന്ദ്രഹാസമിളക്കാനുണ്ടോ? അല്ല, അതു പോട്ടെ, നീ എന്നാ പതിവില്ലാതെ ഇവിടെ? എന്തിനാ എന്നോട് പെട്ടെന്ന് വരാന്‍ പറഞ്ഞത്?'' നായര്‍ ചോദിച്ചു. ''നിങ്ങളെ വിളിച്ചുവരുത്തിയത് ഞാനല്ലേ, ഉത്തരവും ഞാന്‍ തന്നെ പറയാം.... സീമ അകത്തു പോ....'' സാവിത്രിയമ്മയുടെ മട്ടും ഭാവവും സീമയ്ക്കു പിടിച്ചില്ല. അച്ഛനായിട്ടാ കഴിഞ്ഞ് പോകുന്നത്. ചില സമയത്ത് അമ്മയുടെ സ്വഭാവം കണ്ടാല്‍ കലി കയറി പോകും. അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ആരോപടും അച്ഛന്‍ സംസാരിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. ചിലരെയൊക്കെ മുന്‍വിധികളോടെ അമ്മ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. ഇങ്ങനെയായാല്‍ മുന്നോട്ട് എങ്ങനെ ജീവിക്കും.... സീമ പിറുപിറുത്തുകൊണ്ട് സൗമ്യയുടെ അരികിലേക്കു പോയി. ''സാറിന് കാപ്പിയോ ചായയോ വല്ലതും വേണോ... അല്ലെങ്കില്‍ തണുത്തത് എഠുക്കാം'' വേലക്കാരി ശ്യാമള കരഞ്ഞുവീര്‍ത്ത മുഖവുമായി ഹാളിലേക്ക് ഇറങ്ങിവന്നു. ''ഒന്നും വേണ്ട, വേണ്ടപ്പോള്‍ പറയാം.'' ചോദ്യം നായരോടായിരുന്നെങ്കിലും, ഉത്തരം പറഞ്ഞത് സാവിത്രിയമ്മയാണ്. ശ്യാമള പിന്നെ അവിടെ നിന്നില്ല. ''നീ എന്താ സാവിത്രീ ഇങ്ങനെ?'' സഹികെട്ടപ്പോള്‍ നായര്‍ ചോദിച്ചു പോയി. ''എങ്ങനെ...? മനുഷ്യന്‍ ഇവിടെ തീയില്‍ ചവിട്ടി നില്‍ക്കുമ്പോഴാ ഒരു മുതുകൂത്ത്....'' ''നീ എന്തിനാ എന്നെ വിളിച്ചു വരുത്തിയത്?'' ''നിങ്ങളുടെ മരുമകനെ കാണാനില്ല.... ആള് വെല്യ പോലീസ് അല്ലേ... തപ്പിയെട്....'' ''ഏത് മരുമോന്‍?'' ''മൂത്തവന്‍ രമണന്‍... എന്താ മനസിലായില്ലേ, സൗമ്യയുടെ ഭര്‍ത്താവ്. അല്ലെങ്കിലും നിങ്ങളുടെ മനസില്‍ ഭാര്യയും മക്കളും മരുമക്കളും ഒന്നുമില്ലല്ലോ....'' ''അധികമിട്ട് ഇളക്കാതെ കാര്യം പറയെടീ....'' നായര്‍ക്കും ചൂട് പിടിച്ചു. ''രമണനെ കാണാനില്ലെന്ന്....'' ''രമണനോ...?'' ''എന്താ അറിയില്ലേ...?'' ''അവന്‍ എവിടെ പോകാനാ?'' ''കണ്ണ് തെറ്റിയാല്‍ പഴനിക്ക് പോകുന്നവനല്ലേ, പഴനിക്ക് വിട്ടു കാണും... സൗമ്യ എന്തിയേ? അവളോട് ചോദിച്ചാല്‍ അറിയാമല്ലോ...'' നായര്‍ സൗമ്യയുടെ ബെഡ്ഡിനരികിലേക്ക് ചെന്നു. നായരെ കണ്ടപ്പോള്‍ അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. സമീപത്ത് സീമ നില്‍പ്പുണ്ട്. ''വേണ്ട, മോള് കെടന്നോ... എന്താ മോളേ, എന്താ ഉണ്ടായത്... നിങ്ങള്‍ തമ്മില്‍ പിണിങ്ങിയോ... അച്ഛനോടു പറയ്, അവന്‍ എങ്ങോട്ടാ പോയതെന്ന്.... എവിടെയാണെങ്കിലും അച്ഛന്‍ പോയി വിളിച്ചോണ്ടു വരാം. മോള് പറയ്....'' അവള്‍ കരഞ്ഞതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ''കരയാതെ, ഈ സമയത്ത് ടെന്‍ഷനും കരച്ചിലും ഒന്നും പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടില്ലേ. മോള് പറയ്.'' സൗമ്യ പറഞ്ഞു തുടങ്ങി സാവിത്രിയമ്മ കടന്നു വന്നപ്പോള്‍ സീമ ഹാളിലേക്കിറങ്ങി. പൊന്നന്‍ ചേട്ടനെ കാണുന്നില്ലല്ലോ. പറയേണ്ടെന്നു കരുതിയിരുന്നതാണ്. പറഞ്ഞില്ലെങ്കില്‍ അതു മതി പൊല്ലാപ്പ്. മറ്റുള്ളവരും പറഞ്ഞ് രമണേട്ടനെ കാണാതായ വിവരം അറിഞ്ഞാല്‍ തീര്‍ന്നു. പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടേയിരിക്കും. സൗമ്യയുടെ വീട്ടില്‍ വന്ന ശേഷമാണ് സീമ മൊബൈലില്‍ വിളിച്ച് പവന്‍കുമാര്‍ എന്ന പൊന്നനോട് വിവരം പറഞ്ഞത്. സമന്‍സ് കൊണ്ടുപോകുന്ന ഡ്യൂട്ടിയിലാണ്. മടങ്ങുമ്പോള്‍ അതുവഴി വരാമെന്നാണ് പറഞ്ഞിരുന്നത്. പിന്നെ ഒരു താക്കീതും. ''എന്റെ ഫാദര്‍ ഇന്‍ ലായോടു പറഞ്ഞേക്ക്, പോലീസില്‍ കംപ്ലെയ്ന്റ് കൊടുക്കുന്ന കാര്യം ഞാന്‍ പറഞ്ഞിട്ടു തീരുമാനിക്കാമെന്ന്. റിട്ടയേര്‍ഡ് എസ്‌ഐയെക്കാളും ഡിപ്പാര്‍ട്ട്‌മെന്റില്‍ മതിപ്പ് ഒരു പോലീസുകാരനുണ്ട്.'' അച്ഛനുമായി നേര്‍ക്കുനേര്‍ വന്നാല്‍ എന്തെങ്കിലും വിഷയം എടുത്തിട്ട് വഴക്കുകൂടുന്നത് പൊന്നന്‍ ചേട്ടന്റെ സ്ഥിരം പരിപാടിയാ... അതിനു സമയമോ സന്ദര്‍ഭമോ ഒന്നുമില്ല. അച്ഛനും വിട്ടുകൊടുക്കില്ല. പെന്‍ഷനായെങ്കിലും അച്ഛന്‍ എസ്‌ഐയാണല്ലോ... ആ ഈഗോയാ അച്ഛന്റെ മനസില്‍. ഈ രമണ്‍ ചേട്ടന്‍ എവിടെ പോയി കിടക്കുവാ? ആളൊരു ശുദ്ധനാ. ചില നേരത്ത് കൊച്ചുകുട്ടികളുടെ രീതി. മനസിന് തീരെ കട്ടിയില്ല. പൊന്നന്‍ ചേട്ടനോ മറ്റോ ആമെങ്കില്‍ അമ്മ ഇതുപോലെ കുറ്റപ്പെടുത്തിയപ്പോള്‍ അമ്മയെ കൈയേല്‍ പിടിച്ച് ഇറക്കി വിട്ടേനേ. അല്ലാതെ സ്വയം ഇറങ്ങി പോകില്ലായിരുന്നു. സീമ ഇങ്ങനെ ഓരോന്നു ചിന്തിച്ചു നില്‍ക്കുമ്പോഴാണ് അവളെ ശ്യാമള വിളിച്ചത്. ''സീമ മോളേ...'' ''എന്താ ശ്യാമളേ....'' ''ഇവിടത്തെ ആണുങ്ങളുടെ ആരുടെയും പേര് പറഞ്ഞ് നാറ്റിക്കില്ലെന്ന് സൗമ്യ മോള്‍ക്ക് ഞാന്‍ വാക്ക് കൊടുത്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെ ആരുടെയെങ്കിലും പേര് പറഞ്ഞ് ഒരു പെണ്ണിന് തടിതപ്പാന്‍ പറ്റുമോ? ശാസ്ത്രീയ തെളിവുകളും നോക്കില്ലേ... ഞാന്‍ വേണമെങ്കില്‍ ഇവിടത്തെ ജോലി മതിയാകകി പോകാമെന്നും പറഞ്ഞതാ....'' ശ്യാമള ഒരു നമ്പരിട്ടു. സാവിതിര്യമ്മയോട് പറഞ്ഞതിനു നേരേ എതിരാണ് അള്‍ സീമയോട് പറഞ്ഞത്. ''പാവം, രമണേട്ടന്‍. എന്റെ നേരേ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. മനസില്‍ പോലും കരുതാത്ത കാര്യത്തിന് കുറ്റപ്പെടുത്തിയാല്‍ ആര്‍ക്കാ സഹിക്കുക...?'' ''അതിനു രമണേട്ടനോട് അമ്മ ഒന്നും പറഞ്ഞില്ലല്ലോ...'' ''നേരിട്ടു പറയണമെന്നുണ്ടോ? സൗമ്യ മോളോട് പറയുന്നത് പുള്ളിക്കാരന്‍ കേട്ടില്ലേ... ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം കേട്ടാല്‍ ആര്‍ക്കാ പിടിച്ചു നില്‍ക്കന്‍ കഴിയുക? എഴിടെയെങ്കിലും പോയി വെല്ല അവിവേകവും കാണിക്കുമെന്നാ എന്റെ പേടി....'' ''മതി, നിര്‍ത്തിയേക്ക്...'' സഹികെട്ടപ്പോള്‍ സീമ പറഞ്ഞു. ശ്യാമള അടുക്കളയിലേക്കു പോയി. അപ്പോള്‍ അകത്ത് അങ്കം മുറുകുകയായിരുന്നു. ''സീമേ....'' സൗമ്യ ഉറക്കെ വിളിച്ചു. അവള്‍ ഓടിച്ചെന്നു. അച്ഛനും അമ്മയും പോരുകോഴികളെപ്പോലെ നില്‍ക്കുന്നു. ''സീമേ, ഞാന്‍ പറഞ്ഞു മടുത്തു. ഇവരോട് ഒന്നു പതുക്കെ പറയാന്‍ പറയ്... അയല്‍പക്കക്കാര്‍ നോക്കുന്നു. രമണേട്ടനെ അന്വേഷിക്കാനുള്ള എര്‍പ്പാടുണ്ടാക്ക്... നീ പൊന്നനോട് ഇങ്ങോട്ടു വരാന്‍ പറയ്...'' സൗമ്യ കരഞ്ഞു തളര്‍ന്നിരുന്നു. ''രമണന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം നിനക്കായിരിക്കും പറഞ്ഞേക്കാം... '' നായര്‍ സാവിത്രിയമ്മയ്ക്കു നേരേ വിരല്‍ ചൂണ്ടി ഗര്‍ജിച്ചു. ''നിങ്ങള്‍ വലിയ മാന്യനൊന്നും ആകേണ്ട. എന്റെ സംശയം മുഴുവന്‍ ഇപ്പം നിങ്ങളെയാ. ഞാന്‍ സൗമ്യയുമായി ആശുപത്രിയില്‍ കിടന്ന രാത്രിയില്‍ മരുമക്കളെ രണ്ടു പേരെയും ഒഴിവാക്കി നിങ്ങള്‍ ഇവിടെ വന്നു...'' ''ഭ്ഫ... പട്ടീ....'' സാവിത്രിയമ്മ പറഞ്ഞുതീരുന്നതിനു മുന്‍പ് അടിപൊട്ടി. അപ്പോള്‍ മുറ്റത്ത് പോലീസ് ബൈക്കില്‍ പൊന്നന്‍ പറന്നിറങ്ങി. (തുടരും)